വിന്‍സി അലോഷ്യസ് സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മുന്നില്‍ ഹാജരായി.. ഷൈനും ഹാജരായേക്കും..

നടി വിന്‍ സി അലോഷ്യസ് സൂത്രവാക്യം സിനിമയുടെ ഐസിസി(ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി)ക്ക് മുന്നില്‍ ഹാജരായി. ഐസിസിയുടെ മൊഴിയെടുപ്പ് തുടരുകയാണ്. നടന്‍ ഷൈന്‍ ടോം ചാക്കോയും ഐസിസിക്കു മുന്നില്‍ ഹാജരായേക്കും. ഐസിസി റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം മാത്രമേ നടപടിയെടുക്കുകയുളളുവെന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കി. ഫിലിം ചേമ്പറിന് വനിതാ ശിശുവികസന വകുപ്പ് നോട്ടീസയച്ചിരുന്നു. വിന്‍ സിയുടെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍ സി ഇന്ന് വ്യക്തമാക്കിയിരുന്നു. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും വിന്‍ സി പറഞ്ഞു. ‘സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്കുവേണ്ടത്’- എന്നാണ് വിന്‍ സി പറഞ്ഞത്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച നടനില്‍നിന്നും മോശം അനുഭവമുണ്ടായി എന്നായിരുന്നു വിന്‍ സിയുടെ പരാതി.

അതേസമയം, വിന്‍ സിക്കും ഷൈന്‍ ടോം ചാക്കോയ്ക്കുമെതിരെ സൂത്രവാക്യം സിനിമയുടെ നിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. ഇരുവരും സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്നും ഇത് ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമാണ് നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള ആരോപിച്ചത്.

Related Articles

Back to top button