വാഹന ഫിറ്റ്‌നസ്.. തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ പണിമുടക്കി സോഫ്റ്റ്‌വെയര്‍..

തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ വാഹന ഫിറ്റ്‌നസ് ടെസ്റ്റിന് ഫീസ് സ്വീകരിക്കാത്തത് വാഹന ഉടമകളെ വലയ്ക്കുന്നു. രണ്ടാഴ്ചയായി തുടരുന്ന സോഫ്റ്റ് വെയർ പിഴവ് ഇനിയും പരിഹരിക്കാനായിട്ടില്ല. പരാതിപ്പെടുന്നവരോട് സമീപത്തെ ഏതെങ്കിലും ഓഫീസില്‍ ഫീസ് അടച്ചശേഷം എത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്. സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവര്‍ ഏറെ വൈകി ഓഫീസുമായി ബന്ധപ്പെടുമ്പോഴാണ് ഇത്തരം ക്രമീകരണമുള്ളത് അറിയുന്നത്.
ഇടനിലക്കാര്‍ക്ക് ഈ ക്രമീകരണത്തെക്കുറിച്ച് അറിയാമെങ്കിലും നേരിട്ട് ഫീസ് അടയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു സൂചനയും ലഭിക്കില്ല. തിരുവനന്തപുരം ഓഫീസിലെ വാഹനങ്ങള്‍ പരിശോധിക്കേണ്ടത് മുട്ടത്തറയിലെ ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് ടെസ്റ്റിങ് സെന്ററിലാണ്. ഏറെക്കാലമായി ഇതു പ്രവര്‍ത്തനരഹിതമായതിനാല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് വാഹനം പരിശോധിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ഓട്ടോമാറ്റിക് ടെസ്റ്റിങ് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
എന്നാല്‍, സംസ്ഥാനത്തെവിടെയും ഇത് സജ്ജീകരിച്ചിട്ടില്ല. മുട്ടത്തറയില്‍ നേരത്തേ ടെസ്റ്റിങ് സെന്റര്‍ ഉള്ളതിനാല്‍ അതിനനുസരിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സോഫ്റ്റ് വെയറിൽ മാറ്റംവരുത്തി. ഇതാണ് സാങ്കേതികപ്പിഴവിനു കാരണമെന്ന് പറയുന്നു. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സൗകര്യമുണ്ടായിരുന്ന മറ്റ് എട്ടു സ്ഥലങ്ങളിലും സോഫ്റ്റ് വെയറിൽ
ഇതേ പിഴവ് കാണിക്കുന്നുണ്ട്.



