വഖഫ് നിയമഭേദഗതി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇന്നലെ നടന്ന വാദത്തിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്‍റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഹിന്ദു സ്ഥാപനങ്ങളിൽ മുസ്ലിംങ്ങളെ ഉൾപ്പെടുത്തുമോ എന്ന് ചോദിച്ച കോടതി, വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിംങ്ങൾ തന്നെയാകണം എന്ന നിലപാടെടുത്തു. തർക്കങ്ങളിൽ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി ഇന്നലെ എതിർത്തിരുന്നു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാൽ വഖഫ് സ്വത്തിന്‍റെ സ്വഭാവം കേസിൽ അന്തിമ തീർപ്പുവരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു