എക്സാലോജിക്-സിഎംആർഎൽ ഇടപാടിലെ എസ്എഫ്ഐഒ കുറ്റപത്രം…വീണ ടി 11ാം പ്രതി..

എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ്എഫ്ഐഒ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയില്‍ പതിനൊന്നാം പ്രതി. ആകെ 13 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയാണ് ഒന്നാം പ്രതി. സിഎംആര്‍എലും എക്സാലോജികും ഉള്‍പ്പടെ അഞ്ച് കമ്പനികള്‍ പ്രതികളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തില്‍ 114 രേഖകളും 72 സാക്ഷികളും ഉള്‍പ്പെടുന്നുണ്ട്.സിഎംആര്‍എല്‍, എക്സാലോജിക്, നിപുണ ഇന്റര്‍നാഷണല്‍, സാസ്ജ ഇന്ത്യ, എംപവര്‍ ഇന്ത്യ എന്നീ അഞ്ച് കമ്പനികളെയാണ് എസ്എഫ്ഐഒ പ്രതി ചേര്‍ത്തത്. അതേസമയം സിഎംആര്‍എലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ആദ്യ ബെഞ്ചിലേക്ക് കൈമാറി. ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നീക്കം.
കുറ്റപത്രം നല്‍കിയെന്ന് എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം പ്രത്യേക സെഷന്‍സ് കോടതിയിലാണ് നല്‍കിയതെന്നും എസ്എഫ്ഐഒ അറിയിച്ചു. എന്നാല്‍ കുറ്റപത്രം കോടതി അംഗീകരിച്ചിട്ടില്ലെന്ന് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ വാദിച്ചു. കുറ്റപത്രം നല്‍കില്ലെന്നാണ് എസ്എഫ്ഐഒ നല്കിയ ഉറപ്പെന്ന് സിഎംആര്‍എല്‍ പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിനാണ് വാക്കാല്‍ ഉറപ്പ് നല്‍കിയതെന്ന് സിഎംആര്‍എലും വ്യക്തമാക്കി.



