സമരപ്പന്തലില്‍ ആശ പ്രവര്‍ത്തകരുടെ എണ്ണത്തിൽ കുറവ്… കാരണം തദ്ദേശസ്ഥാപനങ്ങളുടെ തീരുമാനം..

സമരത്തിലുള്ള ആശ പ്രവര്‍ത്തകര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് സമ്മര്‍ദ്ദവുമായി തദ്ദേശസ്ഥാപനങ്ങള്‍. തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ ആശ പ്രവര്‍ത്തകരെ നേരിട്ടു വിളിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ സമരപ്പന്തലില്‍ കഴിഞ്ഞ ദിവസം പകല്‍ ആശ പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞിരുന്നു. അതിനിടെ, സമരരംഗത്തുള്ള ആശ പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു സര്‍ക്കാരെന്ന നിലയില്‍ അങ്ങേയറ്റം വിട്ടുവീഴ്ച ചെയ്തുവെന്നും ഇനി അതിനില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു നേരിട്ടു നിവേദനം നല്കിയതു സംബന്ധിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ മന്ത്രിയെന്ന നിലയില്‍ തന്നെ വന്നുകണ്ട് അവര്‍ നിവേദനം നല്‍കിയിരുന്നു. വിഷയത്തില്‍ ആരോഗ്യമന്ത്രി മൂന്നുതവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ആശ പ്രവര്‍ത്തകര്‍ തിരികെ ജോലിക്കെത്താന്‍ പുതിയ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നേരത്തേ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കുന്നതാവാമെന്നും അധികൃതര്‍ അറിയിച്ചു.സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശപ്രകാരം മൂന്നുമാസം തുടര്‍ച്ചയായി 500 രൂപയെങ്കിലും ഇന്‍സെന്റീവ് ലഭിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ ചിലര്‍ താല്‍ക്കാലികമായി തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. രാവിലെ ജോലിക്കു കയറിയ അവര്‍ വൈകുന്നേരം സമരപ്പന്തലില്‍ തിരിച്ചെത്തി. ഒരു ദിവസത്തെ ജോലിക്കുശേഷം അടുത്തദിവസം സമരരംഗത്തെത്തിയവരുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Related Articles

Back to top button