ജോലി വേണോ.. റെസ്യൂമെയില്‍ നിന്ന് ഈ അഞ്ച് കാര്യങ്ങള്‍ ഒഴിവാക്കിയാൽ മതി…
ജോലി തേടുന്നവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റെസ്യൂമേ. റെസ്യൂമേ കാലഹരണപ്പെട്ടതോ അലങ്കോലപ്പെട്ടതോ ആണെങ്കില്‍ ആരും അത് രണ്ടാമതൊന്നുകൂടി നോക്കാന്‍ തയ്യാറാവില്ല. അതുകൊണ്ടുതന്നെ ഏറ്റവും വൃത്തിയായി അടുക്കും ചിട്ടയോടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അവ സമര്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്.ജോലി തേടുന്നവരാണ് നിങ്ങളെങ്കിൽ റെസ്യൂമേയിൽ നിന്ന് ഒഴിവാക്കേണ്ട അഞ്ച് കാര്യങ്ങളുണ്ട്.അവ ഏതൊക്കെയാണെന്ന് നോക്കാം.
കരിയര്‍ ലക്ഷ്യം ഒഴിവാക്കുക
അതായത് ഒരു ജോലിയില്‍ നിന്ന് നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്ന് വിശദീകരിക്കുന്ന ആ വരി ഉപേക്ഷിക്കുന്നതാവും നല്ലത്. കാരണം ജോലി നേടുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെന്ന് തൊഴിലുടമകള്‍ക്ക് ഇതിനോടകം അറിയാം. കരിയര്‍ ലക്ഷ്യത്തിന് പകരം നിങ്ങളുടെ കഴിവുകളും അനുഭവങ്ങളും എടുത്തുകാട്ടുന്ന ഒരു ചെറിയ വ്യക്തിഗത സംഗ്രഹം എഴുതുക.
പ്രവര്‍ത്തിപരിചയ വിവരങ്ങള്‍ വേണ്ട
നിങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം ഉണ്ടെങ്കില്‍ അതൊന്നും വിശദമായി ഉള്‍പ്പെടുത്തേണ്ടതില്ല. തൊഴിലുടമകള്‍ക്ക് പ്രധാനമായും നിങ്ങളുടെ സമീപകാലവും പ്രസക്തമായ റോളുകളിലാണ് താല്‍പര്യം. നിങ്ങള്‍ അപേക്ഷിക്കുന്ന സ്ഥാനവുമായി ബന്ധമില്ലാത്ത ജോലി എക്‌സ്പീരിയന്‍സുകള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുക.
അനാവശ്യമായ വ്യക്തിഗത വിവരങ്ങള്‍
നിങ്ങളുടെ പൂര്‍ണ്ണ വിലാസം, ജനനത്തീയതി, വൈവാഹിക നില, അല്ലെങ്കില്‍ ഫോട്ടോ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ഇനി ഉള്‍പ്പെടുത്തേണ്ടതില്ല. ഏതെങ്കിലും തരത്തിലുള്ള പക്ഷപാതം ഒഴിവാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
സോഫ്റ്റ് സ്‌കില്‍സ് അധികമായി വിശദീകരിക്കേണ്ടതില്ല
‘ടീം വര്‍ക്ക്’, ‘ആശയവിനിമയം’ തുടങ്ങിയ സോഫ്റ്റ് സ്‌കില്ലുകള്‍ പ്രധാനമാണെങ്കിലും, ഉദാഹരണങ്ങളില്ലാതെ അവ പട്ടികപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. സോഫ്റ്റ് സ്‌കില്ലുകളുടെ ഒരു നീണ്ട പട്ടിക എഴുതുന്നതിനുപകരം, നിങ്ങളുടെ മുന്‍ ജോലികളില്‍ നിങ്ങള്‍ അവ എങ്ങനെ നടപ്പിലാക്കി വിജയിപ്പിച്ചു എന്ന് കാണിക്കുക.
പഴയതോ ബന്ധമില്ലാത്തതോ ആയ വിദ്യാഭ്യാസ വിശദാംശങ്ങള്‍
വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഒരു പ്രൊഫഷണല്‍ പ്രൊഫഷണലാണ് നിങ്ങളെങ്കില്‍, നിങ്ങളുടെ സ്‌കൂള്‍ ഗ്രേഡുകളോ നിങ്ങള്‍ക്കുള്ള എല്ലാ യോഗ്യതകളോ പട്ടികപ്പെടുത്തേണ്ടതില്ല. ഉന്നത വിദ്യാഭ്യാസം, അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ നിങ്ങള്‍ അപേക്ഷിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട സമീപകാല പരിശീലനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.