മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ.. തഹാവൂർ റാണയുടെ ഹർജി തള്ളി യുഎസ് സുപ്രീം കോടതി… ഇന്ത്യക്ക് കൈമാറും…
മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് സുപ്രീം കോടതി. ഇന്ത്യക്ക് വിട്ടുകൊടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂർ റാണ നൽകിയ അടിയന്തിര ഹേബിയസ് കോർപസ് ഹർജി യുഎസ് സുപ്രീം കോടതി തള്ളി. ഫെബ്രുവരിയിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്.
മുംബൈ ഭീകരാക്രമണ കേസിൽ നേരത്തെ തഹാവൂർ റാണയ്ക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. കനേഡിയൻ പൗരത്വമുള്ള വ്യവസായിയായ തഹാവൂർ റാണ പാക്കിസ്ഥാൻ സ്വദേശിയാണ്. ഭീകരാക്രമണം നടപ്പാക്കാൻ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് എല്ലാ സഹായവും നൽകിയത് തഹാവൂർ റാണയാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. 2008 നവംബർ 26 നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ 6 അമേരിക്കൻ വംശജർ ഉൾപ്പടെ 166 പേർ കൊല്ലപ്പെട്ടിരുന്നു.