‘മടവൂര്‍ കാഫില’യ്ക്ക് സമുദായത്തിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.. എന്നിട്ടും തുടർന്നു.. സിറാജുദ്ദീനെതിരെ പ്രതിഷേധം.. അടിമുടി ദുരൂഹത….

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരിച്ച അസ്മയുടെ മരണത്തിന് പിന്നാലെ ഭർത്താവ് സിറാജുദ്ദിന്‍റെ യൂട്യൂബ് ചാനലിനെതിരെ വിമർശനം ഉയരുന്നു.’മടവൂര്‍ കാഫില’യെന്ന യൂട്യൂബ് പേ‍ജില്‍ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ചാനല്‍ നിര്‍ത്താന്‍ മുതിര്‍ന്ന മതപണ്ഡിതര്‍ ഉപദേശിച്ചിട്ടും സിറാജുദ്ദിന്‍ അത് അവഗണിച്ചുവെന്നും റിപ്പോർട്ട്.

കേരളത്തിലെ സൂഫി പണ്ഡിതനായിരുന്ന സിഎം മടവൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സിഎം അബൂബക്കര്‍ മുസ്ലിയാരുടെ കഥകള്‍ പ്രചരിപ്പിക്കുന്നതിന് തുടങ്ങിയ യൂട്യുബ് ചാനലാണ് മടവൂര്‍ കാഫില. നാല് വര്‍ഷം മുന്‍പ് തുറന്ന യൂട്യൂബ് പേജിന്‍റെ പ്രധാനിയാണ് സിറാജുദ്ദിന്‍ ലത്തീഫി. മടവൂരിലെ പഴമക്കാര്‍ പറയുന്ന സിഎം മടവൂര്‍ കഥകള്‍ക്കൊപ്പമാണ് മരിച്ചവരെ ജീവിപ്പിച്ചുവെന്ന തരത്തിലടക്കം അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. സിഎം വമടവൂരിന്‍റെ കഥകള്‍ പ്രചരിപ്പിക്കാന്‍ യൂട്യുബ് ചാനല്‍ തുടങ്ങിയതിന് സിറാജുദ്ദിന് സമുദായത്തിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മതരീതികള്‍ക്ക് എതിരെന്ന് പറഞ്ഞാണ് മുതിര്‍ന്ന മതപണ്ഡിതര്‍ ചാനലിനെതിരെ രംഗത്തുവന്നത്. അതൊക്കെ അവഗണിച്ചാണ് സിറാജുദ്ദിന്‍ ചാനലുമായി മുന്നോട്ട് പോയത്.

അതേസമയം അസ്മയുടെ മരണത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുന്നു.ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം ആശാ വര്‍ക്കര്‍മാരോടുപോലും മറച്ചുവച്ച സിറാജുദ്ദിന്‍ ഭാര്യ അസ്മയെ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിച്ച വ്യക്തിയായിരുന്നു. സിറാജുദ്ദീനും അസ്മയും അക്യുപംക്ചര്‍ ചികിത്സയില്‍ ബിരുദം നേടിയവരാണ്. അക്യുപംക്ചര്‍ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നോ മരണം എന്നതടക്കം പൊലീസ് അന്വേഷിക്കുമെന്നാണ് വിവരം. അതേസമയം യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മുപ്പത്തിയഞ്ചുകാരിയായ അസ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും.

Related Articles

Back to top button