എട്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം മിനിമം മാർക്ക് അടിസ്ഥാനത്തിൽ..
30 ശതമാനം മിനിമം മാർക്ക് അടിസ്ഥാനത്തിൽ പരീക്ഷാ ഫലം പ്രഖ്യാപിച്ചുവെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെയായിരിക്കും നടത്തുക. സംസ്ഥാനത്ത് ആകെ 3,136 സ്‌കൂളുകളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയത്. ഇതിൽ 1,229 സർക്കാർ മേഖലയിലും 1,434 എയിഡഡ് മേഖലയിലും 473 അൺ എയിഡഡ് മേഖലയിലുമാണ് സ്കൂളുകൾ. സംസ്ഥാനത്ത് ഈ അധ്യയന വർഷം മുതൽ മിനിമം മാർക്ക് സംവിധാനം നടപ്പിലാക്കുകയാണ്. എട്ടാം ക്ലാസിലെ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കി അധ്യാപകർ നാലിന് പരീക്ഷ പേപ്പർ സ്‌കൂളുകളിൽ എത്തിക്കേണ്ടതും ഫലപ്രഖ്യാപനം നിശ്ചയിച്ചിരുന്നത് ഏപ്രിൽ അഞ്ചിനാണ്.
എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷകർത്താക്കളെ അറിയിക്കണം. കുട്ടികൾക്ക് ഏപ്രിൽ എട്ട് മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടത്തും. ഇത്തരം ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ/ വിഷയങ്ങളിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഫലപ്രഖ്യാപനം ഏപ്രിൽ 30 നും നടത്തുന്നതുമാണ്.
ഒമ്പതാം ക്ലാസ്സിൽ മുൻ വർഷത്തെ പോലെ തന്നെ സേ പരീക്ഷ നടത്തുന്നതാണ്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ് വരെയാണ് ഓൾ പ്രമോഷൻ നൽകി വന്നിരുന്നത്. എട്ടാം ക്ലാസിലെ പിന്തുണ ക്ലാസുകൾ ഏപ്രിൽ എട്ട് മുതൽ 24 വരെ നടത്തുന്നതിനുള്ള ഉത്തരവും, ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകൾ നിരീക്ഷിക്കുന്നതിനും ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കി.
ഓരോ വിദ്യാലയത്തിലെ സാഹചര്യം പരിഗണിച്ച് അവിടെത്തെ അധ്യാപകരുടെയും രക്ഷകർത്താ ക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണ ത്തോടെയാണ് ക്ലാസുകൾ നടത്തുന്നത്. ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉദ്യോഗസ്ഥമാർ, അധ്യാപകർ, അധ്യാപക സംഘടന നേതാക്കൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം കൂടിയ അവസരത്തിൽ അവരിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്.