സിപിഎം പിബിയിലേക്ക് രണ്ട് വനിതകൾ..പ്രായപരിധി കഴിഞ്ഞവർക്ക് ഇളവ് നൽകുന്നതിൽ കടുത്ത എതിർപ്പ്…

സിപിഎം പിബിയിൽ രണ്ട് വനിതകളെ ഉൾപ്പെടുത്തുമെന്ന് പാർട്ടി വൃത്തങ്ങൾ. വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരമാണിത്. യു വാസുകി, കെ ഹേമലത, മറിയം ധാവ്ലെ എന്നിവരിൽ രണ്ടു പേർ പിബിയിലെത്തും. പ്രായപരിധി കഴിഞ്ഞവർക്ക് ഇളവ് നൽകുന്നതിൽ കൂടുതൽ പേർക്കും എതിർപ്പാണ് ഉള്ളത്. സിപിഎമ്മിലെ സ്ത്രീവിരുദ്ധ സമീപനങ്ങൾ അക്കമിട്ട് നിരത്തിയുള്ള സംഘടന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മഹിളാ സംഘടനകളുടെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവർത്തനം പാർട്ടി വില കുറച്ചു കാണുന്നു  എന്നിങ്ങനെയാണ് വിമർശനങ്ങൾ.

പുരുഷന്മാരുടെ പരിപാടികൾ ഉണ്ടെങ്കിൽ മഹിളാ സംഘടനയുടെ പരിപാടി മാറ്റുന്നു. വനിത സഖാക്കളുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ കുടുംബ ഉത്തരവാദിത്തങ്ങൾ കൂടി നിർവഹിക്കേണ്ടതാണെന്ന് പരിഗണിക്കുന്നില്ല. സ്ത്രീകൾക്കിടയിലെ പ്രവർത്തനത്തിന്റെ ആവശ്യകത ഹിന്ദി സംസ്ഥാനങ്ങളിലെ പാർട്ടി അംഗീകരിക്കുന്നില്ല. മൂന്ന് വർഷം മുൻപുള്ള അവസ്ഥയിൽ തന്നെ കാര്യങ്ങൾ തുടരുന്നു. കണ്ണൂർ പാർട്ടി കോൺഗ്രസിലും വിഷയം ചർച്ച ആയെങ്കിലും കാര്യമായ മാറ്റമില്ല എന്നിങ്ങനെയാണ് സംഘടന റിപ്പോർട്ടിൽ പറയുന്നത്. 

Related Articles

Back to top button