അഴിമതിക്കാരെ പൂട്ടാനുറച്ച് വിജിലന്‍സ്..ആക്ടീവ്’ കൈക്കൂലിക്കാർ 200, പട്ടികയിൽ ആകെ 700 ഉദ്യോഗസ്ഥർ…

സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാനുറച്ച് വിജിലന്‍സ്. വിജിലന്‍സ് തയ്യാറാക്കിയ അഴിമതിക്കാരുടെ പട്ടികയില്‍ 700 പേരാണുള്ളത്. ഇതില്‍ 200 പേര്‍ ആക്ടീവ് അഴിമതിക്കാരെന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. മുന്‍പ് കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ പിടിയിലായിട്ടും വിവിധ കാരണങ്ങളാല്‍ ശിക്ഷിക്കപ്പെടാതെ പോവുകയും ശേഷം സര്‍വീസില്‍ തിരിച്ചെത്തുകയും ചെയ്തവരാണ് ഈ 200 പേര്‍.അഴിമതിക്കാരുടെ പട്ടികയിലെ അവശേഷിക്കുന്ന 500 പേരെ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗമാണ് കണ്ടെത്തിയത്. രഹസ്യമായി ലഭിക്കുന്ന വിവരങ്ങളില്‍പെട്ടവരും ഈ പട്ടികയിലുണ്ട്. ഈ 700 പേരും സദാ വിജിലന്‍സിന്റെ നിരീക്ഷണത്തിലാണ്. അഴിമതിക്ക് നീക്കം നടത്തിയാല്‍ ഉടന്‍ പിടിക്കുക എന്നതാണ് വിജിലന്‍സിന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും വിജിലന്‍സിന്റെ നിരീക്ഷണത്തിലാണ്. അടുത്തിടെ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലുമായി. സിബിഐയും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വിജിലന്‍സിന് കൈമാറുന്നുണ്ട്.

ഇക്കൊല്ലം ജനുവരി മുതല്‍ ഇതുവരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് 25 ട്രാപ് കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലായി 35 പേര്‍ അറസ്റ്റിലായി. ഇതില്‍ നാലുപേര്‍ ഏജന്റുമാരാണ്. മറ്റുള്ളവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. പിടിയിലായവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ റവന്യൂവകുപ്പില്‍നിന്നുള്ളവരാണ്. 11 പേര്‍. നാലുപേര്‍ പോലീസുകാരും മറ്റു നാലുപേര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍. വിദ്യാഭ്യാസം, രജിസ്‌ട്രേഷന്‍ അടക്കമുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിജിലന്‍സിന്റെ പിടിയിലായവരിലുണ്ട്.ഇക്കൊല്ലം വിജിലന്‍സ് ഇതുവരെ നടത്തിയത് റെക്കോഡ് ട്രാപ് കേസുകളാണ്. കഴിഞ്ഞകൊല്ലം രജിസ്റ്റര്‍ ചെയ്തത് ആകെ 34 ട്രാപ് കേസുകള്‍ മാത്രമായിരുന്നു. ഉദ്യോഗസ്ഥരുടെ കൈക്കൂലിത്തുകയിലും മാറ്റം വന്നുവെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുന്‍പ് അഞ്ഞൂറും ആയിരവും വാങ്ങിയിരുന്നിടത്ത് ലക്ഷങ്ങളിലേക്ക് കടന്നു. പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് സര്‍വീസില്‍ തിരിച്ചുകയറാതിരിക്കാനുള്ള നടപടികള്‍ ശക്തമാക്കാനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.

Related Articles

Back to top button