ഫോർട്ട്കൊച്ചിയുടെ തെരുവുകളിൽ സിനിമ ഷൂട്ടിങ്ങിന് വിലക്ക്.. കാരണമെന്തെന്നോ?..

ഫോർട്ട്കൊച്ചിയുടെ തെരുവുകളിൽ സിനിമ ഷൂട്ടിങ്ങിന് വിലക്കിട്ട് കോടതി. തെരുവുകളിലെ ചലച്ചിത്ര ചിത്രീകരണം പ്രദേശവാസികളെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് വിലക്ക്. ഷൂട്ടിങ്ങിന്റെ ഭാഗമായി നിരന്തരം ആളുകൾ വരുന്നത് ബുദ്ധിമുട്ടും തടസ്സവും ഉണ്ടാക്കുന്നുവെന്ന് ചില സംഘടനകളും താമസക്കാരും കോടതിയെ സമീപിച്ചതോടെയാണ് ഇടപെടൽ. എന്നാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത വിധം ഫോർട്ട്കൊച്ചി കടപ്പുറം ഷൂട്ടിങ്ങിന് ഉപയോഗിക്കാൻ അനുമതിയുമുണ്ട്. വിലക്ക് ലംഗിച്ച് ഫോർട്ട്കൊച്ചിയുടെ തെരുവുകളിൽ സിനിമ ഷൂട്ടിങ് നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും കോടതി പറഞ്ഞു.

അടുത്ത കാലത്തായി ഫോർട്ട്കൊച്ചി സിനിമക്കാരുടെ ഇഷ്ടപ്രദേശമായി മാറിയിരുന്നു. ഒരു ദിവസം തന്നെ മൂന്നോളം സിനിമവരെ ഇവിടെ ചിത്രീകരിച്ചിരുന്നു. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി പ്രദേശങ്ങളിൽ മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു. ഇത് പ്രദേശത്തെ യുവാക്കൾക്ക് ജോലി സാധ്യതകളും സൃഷ്ടിച്ചു. ചെറുകിട കച്ചവടക്കാർക്കും ഗുണം നൽകിയിരുന്നു. ആഭ്യന്തര ടൂറിസം വികസനത്തിനും സാധ്യത തുറന്നിരുന്നു. എന്നാൽ, ഇവയെല്ലാം തകിടം മറിയുകയാണ്. റോഡ് തടസ്സപ്പെടുത്തുന്നതിനാൽ വിദ്യാർഥികൾക്ക് സമയത്തിന് സ്കൂളുകളിൽ എത്താൻ പോലും കഴിയുന്നില്ലെന്ന പരാതി നേരത്തേ ഉയർന്നിരുന്നു.

നിത്യേന ഷൂട്ടിങ് നടക്കുന്നതിനാൽ ജോലിക്കാർക്കും വിദ്യാർത്ഥികൾക്കും ഒരേപോലെ യാത്രാ തടസം അനുഭവപ്പെടുന്നതായി നേരത്തെ പോലീസിൽ പരാതി ലഭിച്ചിരുന്നു. കൂടാതെ ശബ്ദകോലാഹലങ്ങളും ,രാത്രികാല ഷൂട്ടിങ്ങും ചൂണ്ടിക്കാട്ടി വീട്ടമ്മയും കോടതിയെ സമീപിച്ചിരുന്നു. ഹോട്ടലുകാരും പരാതി ഉയർത്തിയിരുന്നു. ഇതോടെയാണ് കോടതി തെരുവുകളിലെ ഷൂട്ടിങ് വിലക്കിയത്. കടപ്പുറത്ത് ഷൂട്ടിങ്ങിന് തടസ്സമില്ലെങ്കിലും വൃത്തിഹീനമായ അന്തരീക്ഷത്തിൽ കടപ്പുറത്ത് മാത്രമായി ചിത്രീകരണം ഒതുക്കാൻ സിനിമക്കാരും തയാറല്ല.


