എല്‍കെജി തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിദ്യയില്‍ ഊന്നിയ പരിശീലനം ലക്ഷ്യമെന്ന് പി രാജീവ്…

കൊച്ചി: എല്‍കെജി തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിദ്യയില്‍ ഊന്നിയ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവഴിച്ചാണ് കോട്ടപ്പുറം സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. പത്ത് ലാപ്‌ടോപ്പുകളും അഞ്ചു ഡെസ്‌ക്ടോടോപ്പുകളുമാണ് സ്‌കൂളിലെ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നത്.

വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ കൊണ്ട് 25 കോടി രൂപയാണ് ചെലവഴിച്ചത്. 45 സ്‌കൂളുകളില്‍ മൂന്നു കോടി രൂപ മുടക്കി ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതി സിയാലിന്റെ സഹകരണത്തോടു കൂടി നടത്തി വരുന്നു. വിദ്യാലയ പരിസരം മാലിന്യമുക്തമാക്കാനും വീട്ടിലും പരിസരങ്ങളിലും സമൂഹത്തിലും ശുചിത്വം ഉറപ്പാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. സ്‌കൂളുകളില്‍ ലഹരി വിമുക്ത ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇതിലൂടെ ചെറുപ്പത്തിലെ കുട്ടികളിലേക്ക് അവബോധം നല്‍കാന്‍ സാധിക്കും.

Back to top button