പോരട്ടങ്ങനെ പോരട്ടെ, തെറി കൂമ്പാരങ്ങള്‍ പോരട്ടെ…സിനിമയില്ലേൽ തട്ടുകടയിട്ടും ജീവിക്കും…

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നടി സീമാ ജി നായര്‍ക്കെതിരെ സൈബര്‍ ആക്രമണം. സീമ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് മോശം കമന്റുമായി എത്തിയത്. സിനിമയില്‍ അവസരം കുറഞ്ഞതിനാല്‍ സുഖിപ്പിച്ച് പോസ്റ്റിടുന്നു എന്നായിരുന്നു ചിലരുടെ വിമര്‍ശനം. ഇതിന് പിന്നാലെ വിമര്‍ശിച്ചവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി സീമ മറ്റൊരു പോസ്റ്റും പങ്കുവെച്ചു.
എമ്പുരാനിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സംഘപരിവാറിനെ ചൊടിപ്പിച്ചത്. ചിത്രം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. വിവാദം പുകയുന്നതിനിടെയാണ് ചിത്രത്തിന് പിന്തുണയുമായി സീമാ ജി നായര്‍ രംഗത്തെത്തിയത്. ആവിഷ്‌കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവുവെയ്ക്കാനുള്ളതല്ലെന്ന് സീമ ഫേസ്ബുക്കില്‍ കുറിച്ചു. ഓച്ഛാനിച്ച് നില്‍ക്കുന്ന കാലഘട്ടമൊക്കെ മാറി. കഴുത്ത് കുനിച്ച് നിര്‍ത്തി, കഴുത്തുവെട്ടുന്ന രീതി കേരളത്തില്‍ വിലപ്പോകില്ല. സിനിമ സിനിമയായി മുന്നോട്ടുപോകണമെന്നും സീമ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഈ പോസ്റ്റിന് താഴെയായിരുന്നു അസഭ്യവര്‍ഷം.



