സന്തോഷിന്റേത് ക്വട്ടേഷന്‍ കൊലപാതകം.. പിന്നിൽ ആലപ്പുഴ സ്വദേശി.. ഒളിവിലുള്ള പ്രതിക്കായി വ്യാപക അന്വേഷണം….

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ്. സന്തോഷിന്റേത് ക്വട്ടേഷന്‍ കൊലപാതകമെന്നാണ് സൂചന. ആലപ്പുഴ വള്ളികുന്നം സ്വദേശിയാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. വള്ളികുന്നം സ്വദേശി ഒളിവിലാണെന്ന് പൊലീസ് പറയുന്നു.അലുവ അതുലും സംഘവുമാണ് കൃത്യം നടത്തിയത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ വർഷം നവംബറിൽ വയനകം സംഘത്തിലെ പങ്കജിനെ കുത്തിയ കേസിൽ റിമാൻ്റ് കാലാവധി കഴിഞ്ഞ് സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിൽ പങ്കജിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശിയായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘമാണ് വീട്ടില്‍ കയറി ആക്രമിച്ചത്. കൊലയ്ക്ക് കാരണം രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു.

Related Articles

Back to top button