അടുത്ത തവണയും കേരളം എൽഡിഎഫ് ഭരിക്കും…
സംസ്ഥാനത്ത് അടുത്ത തവണയും എൽഡിഎഫ് ഭരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫിൻ്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മാന്യനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം പിസി ജോർജിനെ നിശിതമായി വിമർശിച്ചു. ലൗ ജിഹാദ് വാദം പിസി ജോർജ് ബിജെപി സുഖിപ്പിക്കാൻ വേണ്ടിയാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തണ്ടനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘2026 നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം ജയിക്കും, ഭരിക്കും. അത് യുഡിഎഫിന്റെ ദോഷം കൊണ്ടാണ്. യുഡിഎഫിൽ 5 പേർ മുഖ്യമന്ത്രിയാകാൻ നിൽക്കുകയാണ്. കെപിസിസി പ്രസിഡന്റിനെ എപ്പോഴും ചീത്ത പറയുകയല്ലേ വി.ഡി സതീശൻ ചെയ്യുന്നത്. ഇടയ്ക്ക് എന്നെയും പറയും. അവൻ തണ്ടനാണെന്നും പ്രതിപക്ഷ നേതാവിനെ വെള്ളാപ്പള്ളി വിമർശിച്ചു. ശശി തരൂർ രാഷ്ട്രീയ അടവ് നയങ്ങൾ പലതും കാണിക്കുന്നുണ്ട്. ഇടയ്ക്ക് മോദിയെ സുഖിപ്പിക്കുന്നു ഇടയ്ക്ക് കോൺഗ്രസിനെയും സുഖിപ്പിക്കുന്നു. പാർട്ടിക്ക് അകത്തു നിൽക്കുമ്പോൾ അച്ചടക്കത്തോടെ നിൽക്കണം, അങ്ങനെ നിൽക്കുന്നില്ല. ആശമാരുടെ അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു. ഇടതുപക്ഷ സർക്കാരാണ് പെൻഷൻ കൂട്ടി നൽകിയത്. കാശില്ലാത്തതു കൊണ്ടാകാം ഓണറേറിയം കൂട്ടി നൽകാത്തത്. കേന്ദ്രത്തിൽ നിന്ന് പണം കിട്ടിയാൽ കൊടുക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.