സിപിഎം തുടര്‍ഭരണം നേടിയത് ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ച്…

2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോടിക്കണക്കിന് രൂപയാണ് അന്നു ബിജെപി കേരളത്തില്‍ വിതരണം ചെയ്തത്. അതു കൊടുത്ത് ബിജെപി വോട്ടുകള്‍ സിപിഎമ്മിനു മറിച്ചു. 60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുമറിഞ്ഞത്. പ്രത്യുപകാരമായി കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു.  “സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാക്കള്‍  കൊടകര കുഴല്‍പ്പണ കേസില്‍  സാക്ഷികളാണ്. ഇവരെ പ്രതി ചേര്‍ക്കാതെ പിണറായി സര്‍ക്കാര്‍ കേസ് ഇഡിക്കു കൈമാറി. പിണറായി സര്‍ക്കാര്‍  പഴുതുകളില്ലാത്ത അന്വേഷണം നടത്തിയിരുന്നെങ്കില്‍ ബിജെപി നേതാക്കള്‍ ഇപ്പോള്‍ ജയിലിലാകുമായിരുന്നു. ഇഡിക്ക് കേസ് വിട്ടപ്പോഴാണ് തന്നെ ഒരിക്കലും ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചത്”. 

“ബിജെപിക്കാര്‍ ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെ തേച്ചുവെളിപ്പിക്കുന്ന വാഷിംഗ് പൗഡറായി ഇഡി മാറിയിരിക്കുകയാണ്. ഇഡി എത്രമാത്രം രാഷ്ട്രീയവത്കരിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം.  കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂട്ടത്തോടെ കുടുങ്ങേണ്ട കുഴല്‍പ്പണക്കേസാണ് ഇഡി വെറും സ്ഥലക്കച്ചവടമാക്കി മാറ്റി. ഹവാല ഇടപാടുകാരനായ ധര്‍മരാജന്‍ പണം നഷ്ടപ്പെട്ട ഉടനേ ഫോണ്‍ ചെയ്തത് കെ സുരേന്ദ്രനേയും ബിജെപിയുടെ സംഘടനാ സെക്രട്ടറി എം ഗണേശനേയുമാണ്”.  സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button