ഉയിഗൂർ മുസ്ലിംകൾ നോമ്പെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വീഡിയോ ആവശ്യപ്പെടുന്നെന്ന് റിപ്പോർട്ട്…

:ഉയിഗൂർ മുസ്ലിംകൾ റമദാനിൽ നോമ്പെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചൈനീസ് അധികൃതർ വീഡിയോ തെളിവുകൾ ആവശ്യപ്പെടുന്നെന്ന് റിപ്പോർട്ട്. വ്രതാനുഷ്ഠാനം അവസാനിക്കുന്ന ചെറിയ പെരുന്നാൾ ദിനം വരെ എല്ലാ ദിവസും ഉച്ചഭക്ഷണം കഴിക്കുന്നത് വീഡിയോയിൽ പകർത്തി അയച്ചുകൊടുക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സിൻജിയാങ് പ്രവിശ്യയിൽ താമസിക്കുന്ന ഉയിഗൂർ മുസ്ലികൾക്കെല്ലാം ഈ നിബന്ധന ബാധകമാക്കിയിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.

ഓരോ പ്രദേശത്തെയും ആളുകളെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനാണ് വീഡിയോ അയച്ചുകൊടുക്കേണ്ടതെന്ന് ഒരു ഉയിഗൂർ വിഭാഗക്കാരൻ പറയുന്നുണ്ട്. തങ്ങൾക്ക് ‘പ്രശ്നങ്ങൾ ഇല്ലാതിരിക്കാനാണത്രെ’ ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. “ആശുപത്രിയിലോ, മാർക്കറ്റിലോ എവിടെ പോയാലും ഓരോ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കണം. ഓരോ ദിവസത്തെയും തെളിവ് ഫോണിൽ സേവ് ചെയ്തു വെച്ചിരിക്കുകയും ചെയ്യും” വീഡിയോ ക്ലിപ്പിൽ അദ്ദേഹം പറയുന്നു.

മുസ്ലിംകൾക്ക് നിർബന്ധമായ ആരാധനാ കർമമാണെങ്കിലും വർഷങ്ങളായി സിൻജിയാങ് പ്രവിശ്യയിലെ ഉയിഗൂർ മുസ്ലിംകളെ ചൈന നോമ്പെടുക്കാൻ അനുവദിക്കാറില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മതഭീകരവാദത്തെ എതിർക്കാനെന്ന പേരിലാണ് ചൈനയുടെ ഈ നടപടികൾ. ഇതിന് പുറമെ വെള്ളിയാഴ്ചകളിൽ പള്ളികളിൽ ഒത്തുകൂടി പ്രാർത്ഥിക്കാനോ മുസ്ലിം അവധി ദിവസങ്ങൾ ആഘോഷിക്കാനോ അനുവദിക്കാറില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

മുസ്ലിംകൾ നോമ്പെടുക്കില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ള വിവരം പൊലീസും സർക്കാർ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. ഉയിഗൂർ പൊലീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ മേഖലയിലുള്ള ആർക്കും റമദാനിൽ നോമ്പെടുക്കാൻ അനുവാദമില്ലെന്ന് ഒരു പൊലീസ് ഓഫീസർ അറിയിച്ചു. ഇതിനായി വീഡിയോ തെളിവുകൾ ശേഖരിക്കാനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

Related Articles

Back to top button