‘സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികൾ’..
മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. നിരപരാധികളെ രക്ഷിക്കാൻ പാർട്ടി നടപടി സ്വീകരിക്കുമെന്നും കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം വി ജയരാജൻ വ്യക്തമാക്കി. ടി പി കേസ് കുറ്റവാളി ടി കെ രജീഷിനെ പിന്നീടാണ് കേസിൽ പ്രതി ചേർത്തത്. പ്രതികൾ അപരാധം ചെയ്തുവെന്നതിൽ വസ്തുതയില്ലെന്നും കുറ്റം സമ്മതിച്ചുവെന്നല്ലേ പൊലീസ് എഴുതിച്ചേർക്കുകയെന്നും ജയരാജൻ ചോദിച്ചു.
കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ കൊന്ന കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തൽ. ഒരാളെ വെറുതെ വിട്ടു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ടിപി വധക്കേസിലെ പ്രതി ടി കെ രജീഷും മുഖ്യമന്ത്രിയുടെ സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ പിഎം മനോരാജും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി നേരത്തെ മരിച്ചിരുന്നു.