ഹരിപ്പാട് രാകേഷിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതായി മാതാവിന്റെ ഹർജി കോടതിയിൽ
2015 നവംബർ അഞ്ചാം തീയതി മുതൽ കാണാതായ ഹരിപ്പാട് താമല്ലാക്കൽ സ്വദേശിയായ രാകേഷിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതാണെന്ന് ആരോപിച്ച് രാകേഷിൻ്റെ മാതാവ് രമ കോടതിയെ സമീപിച്ചു. ഹരിപ്പാട് സ്വദേശികളായ ഏഴ് പേരും അവരുടെ കൂട്ടാളികളും ചേർന്ന് 2015 നവംമ്പർ 6നും 7 നും ഇടയിലുള്ള രാത്രിയിൽ തൻ്റെ മകനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തിരിക്കുകയാണെന്നും സംഭവസ്ഥലത്തിന് സമീപത്തു നിന്നും ലഭിച്ച രക്തത്തുള്ളികളും മുടികളും അപ്രത്യക്ഷനായ രാകേഷിൻ്റെയാണെന്നും എന്നാൽ കേസിൻ്റെ അന്വേഷണ വേളയിൽ പ്രതികളുടെ ശക്തമായ സമ്മർദ്ദത്തിൻ്റെ ഫലമായി കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പോലിസ് വിമുഖത പ്രകടിപ്പിക്കുകയാണെന്നും ആരോപിച്ചു കൊണ്ടാണ് ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മനീഷ കെ ഭദ്രൻ മുമ്പാകെ രമ ഹർജി ഫയൽ ചെയ്തത്.
ഇപ്രകാരമൊരു കേസിൻ്റെ അന്വേഷണത്തിൽ കോടതിയുടെ മോണിറ്ററിങ്ങ് ഉണ്ടാകണമെന്നും നിലവിലെ കേസ് അന്വേഷണത്തിൻ്റെ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും അടിയന്തിരമായി വിളിച്ചു വരുത്തണമെന്നും കേസിൽ ഹർജിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ ആവശ്യപ്പെട്ടു.
രാകേഷിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു വ്യക്തി മറ്റൊരു കേസിൽ ജയിലിലാ സമയം സഹതടവുകാരോട് തന്റെ കൂടെ പങ്കാളിത്തത്തോടു കൂടിയാണ് രാകേഷിനെ വക വരുത്തിയത് എന്നും എവിടെയാണ് മൃതദേഹം അടക്കം ചെയ്തത് എന്നത് അടക്കമുള്ള വിവരങ്ങൾ തനിക്ക് അറിയാമെന്നും പറഞ്ഞിട്ടുള്ളതായി വിവരം ലഭിച്ചതായി രാകേഷിന്റെ അമ്മ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും വിളിച്ചു വരുത്താൻ കോടതി ഉത്തരവിട്ടു. കേസിൽ രാകേഷിൻ്റെ മാതാവിന് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്