ബെം​ഗളുരുവിൽ മലയാളി യുവാവ് ലിബിൻ മരിച്ച സംഭവം; നിർണ്ണായക വഴിത്തിരിവിലേക്ക്…ഒപ്പം താമസിച്ചിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്…

ബെം​ഗളുരുവിൽ മലയാളി യുവാവ് ലിബിൻ മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍റെ മരണത്തിലാണ് ബെംഗളൂരുവിൽ ഒപ്പം താമസിച്ചിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ലിബിന്‍റെ മരണത്തിൽ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായ ലിബിൻ തിങ്കളാഴ്ചയാണ് മരിച്ചത്. കുളിമുറിയിൽ വീണ് പരിക്കേറ്റെന്നായിരുന്നു വീട്ടുകാർക്ക് കിട്ടിയ വിവരം. കൂടെയുണ്ടായിരുന്നവരാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്. എന്നാൽ, മുറിവിൽ ആസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി ലിബിന്‍റെ സഹോദരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒപ്പം താമസിച്ചിരുന്നവർ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും തലയിലെ മുറിന് കുളിമുറിയിൽ വീണപ്പോൾ സംഭവിച്ചത് പോലെയല്ലെന്ന് ഡോക്ടർ പറഞ്ഞതായും ലിബിന്‍റെ സഹോദരി ആരോപിച്ചിരുന്നു. ബെംഗളൂരു നിംഹാൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ലിബിന്‍റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഹെബ്ബ ഗുഡി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണിപ്പോള്‍ കൂടെ താമസിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തത്. മരിച്ച യുവാവിന്‍റെ ആന്തരികാവയവങ്ങൾ 8 പേർക്ക് ദാനം ചെയ്തതായി കുടുംബാംഗങ്ങൾ അറിയിച്ചു.

Related Articles

Back to top button