സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം നൽകണം.. സര്‍ക്കുലര്‍ പുറത്തിറക്കി തൊഴില്‍ വകുപ്പ്….
കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കാൻ കുട, കുടി വെള്ളം എന്നിവ നൽകണമെന്നാണ് നിർദേശം. നിർദേശം പാലിക്കുന്നുണ്ടെന്ന് ജില്ല ലേബർ ഓഫീസർ ഉറപ്പുവരുത്തണം. പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.
ദേശീയ, സംസ്ഥാന പാതയോരങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കോട്ടുകള്‍, തൊപ്പി, കുടകള്‍, സുരക്ഷാ കണ്ണടകള്‍ ഉള്‍പ്പെടെ തൊഴിലുടമകള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. തൊഴിലുടമകള്‍ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ആവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്‌സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കിയത്.