എൽ.ഡി.എഫ് നഗരസഭാധ്യക്ഷനെ ഉപരോധിച്ചു
മാവേലിക്കര- യു.ഡി.എഫ് നേതൃത്വം നൽകുന്ന മാവേലിക്കര നഗരസഭയിൽ കുത്തഴിഞ്ഞ ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ച് എൽ.ഡി.എഫ് നഗരസഭാധ്യക്ഷൻ കെ.വി ശ്രീകുമാറിനെ ഉപരോധിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ജി.അജയകുമാർ നഗരസഭ എൽ.ഡി.എഫ് പാർലമെൻ്ററികാര്യ പാർടി നേതാവ് ലീല അഭിലാഷ്, ഇടത് കൗൺസിലർമാർ, എ.എ അക്ഷയ്, കെ.അജയൻ, വിഷ്ണു ഗോപിനാഥ്, സെൻസോമൻ, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
രാവിലെ 10.30ന് തുടങ്ങിയ സമരം ഒരു മണിയോടെയാണ് അവസാനിച്ചത്. വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ അജണ്ടകൾ ക്രമപ്രകാരമല്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞതിനെ തുടർന്ന് ചെയർമാൻ യോഗം നിർത്തിവച്ചിരുന്നു. അജണ്ട ക്രമപ്പെടുത്തിയ ശേഷം യോഗം വിളിക്കാമെന്ന് കൗൺസിലിനെ അറിയിക്കുകയും ചെയ്തു. യോഗം നിർത്തിയതിൽ പ്രതിഷേധിച്ച് ഇടതു കൗൺസിലർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി യോഗത്തിൽ നിന്നിറങ്ങിപ്പോയി. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ബി.ജെ.പി കൗൺസിലർമാർ ചെയർമാനെ കൗൺസിൽ ഹാളിനുളളിൽ പൂട്ടിയിട്ട് ചില അജണ്ടകൾ മാത്രം ചർച്ച ചെയ്തതായി രേഖയുണ്ടാക്കി. ഇതിൽ പ്രതിഷേധിച്ചായിരുന്നു എൽ.ഡി.എഫിന്റെ ഉപരോധം.
റദ്ദാക്കിയ അജണ്ടകൾ മാർച്ച് 25ന് കൗൺസിൽ യോഗം വിളിച്ചുകൂട്ടി ചർച്ച ചെയ്യാം എന്ന ചെയർമാന്റെ രേഖാമൂലമുള്ള ഉറപ്പിന്മേലാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. തുടർന്ന് നഗരസഭ ഓഫീസിന് മുന്നിൽ നടന്ന ധർണ സി.പി.എം ഏരിയ സെക്രട്ടറി ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു ലീലാ അഭിലാഷ് അധ്യക്ഷയായി.