മാങ്ങ അച്ചാറിൽ അമിത അളവിൽ രാസവസ്തു…കടയുടമയ്ക്കും നിർമാതാവിനും പിഴ..
അനുവദനീയമായ അളവിൽ കൂടുതൽ രാസവസ്തു അടങ്ങിയ അച്ചാർ വിൽപ്പനയ്ക്കായി സൂക്ഷിച്ച കടയുടമയ്ക്കും നിർമാതാവിനും പിഴ വിധിച്ച് കോടതി. കാസർകോട് നഗരത്തിലെ മെട്രോ റീട്ടെയിലേഴ്‌സ് എന്ന കടയിൽനിന്ന് വാങ്ങിയ മാങ്ങ അച്ചാറിലാണ് അനുവദനീയമായ അളവിൽ കൂടുതൽ പ്രിസർവേറ്റീവായ ബെൻസോയേറ്റ് കണ്ടെത്തിയത്.
മെട്രോ റീട്ടെയിലേഴ്സ് കട ഉടമകളായ കോഴിക്കോട് സ്വദേശി എം. നിമേഷ്, കണ്ണൂർ സ്വദേശി സി.എച്ച്. മുഷീർ എന്നിവർക്ക് 5000 രൂപ വീതവും അച്ചാർ നിർമാതാക്കളായ ഇടുക്കിയിലെ കെജിഇഇഎസ് ഫൈൻഡ് ഫുഡ്സിന്റെ ഉടമ സജിനി സജന് 25,000 രൂപയുമാണ് കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധികതടവ് അനുഭവിക്കണം. കോടതി പിരിയുന്നതുവരെ തടവ് അനുഭവിക്കാനും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാജീവൻ വാച്ചാൽ ഉത്തരവിട്ടു.
ഭക്ഷ്യസുരക്ഷാ ഓഫീസർ കെ.പി. മുസ്തഫ 2021 നവംബർ 26-ന് നടത്തിയ പരിശോധനയിലാണ് അളവിൽകൂടുതൽ രാസവസ്തു കണ്ടെത്തിയത്. 400 ഗ്രാം ടെൻഡർ മാംഗോ അച്ചാർ വാങ്ങി പരിശോധനയ്ക്കായി കോഴിക്കോട് റീജണൽ ലാബിലേക്ക് അയച്ചു. 2021 ഡിസംബർ 30-ന് ലഭിച്ച പരിശോധനാ റിപ്പോർട്ടിൽ അച്ചാറിൽ അനുവദനീയമായ അളവിൽ കൂടുതൽ ബെൻസോയേറ്റ് അടങ്ങിയിട്ടുള്ളതായി സ്ഥിരീകരിച്ചു. ഭക്ഷ്യസുരക്ഷാനിയമം 2006-ലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷിച്ചത്.