നഖം നോക്കി ആരോഗ്യം അറിയാം.. ഈ സൂചനകൾ ശ്രദ്ധിച്ചോളൂ…
നഖത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിസാരമായി കാണരുത്.നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് നിരവധി സൂചനകളാകും നിങ്ങളുടെ നഖങ്ങൾ നൽകുന്നത്.നഖത്തിന്റെ നിറത്തിലോ രൂപത്തിലോ ഘടനയിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം.
നഖത്തിലെ മഞ്ഞ നിറം
നഖത്തിലെ മഞ്ഞ നിറം സ്വാഭാവികമായും പ്രായം കുടുന്നതിനനുസരിച്ച് സംഭവിക്കാം. നെയില്‍ പോളിഷോ കൃത്രിമ നഖങ്ങളോ ഉപയോഗിക്കുന്നവരിലും ചിലപ്പോള്‍ ഇങ്ങനെ കാണാറുണ്ട്. സ്ഥിരമായി പുകവലിക്കുന്നവരുടെ നഖങ്ങളിലും ഈ നിറം മാറ്റം കാണാറുണ്ട്. യെല്ലോ നെയില്‍ സിന്റഡ്രോം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കട്ടി കൂടിയ മഞ്ഞ നിറത്തില്‍ നഖങ്ങള്‍ കാണപ്പെടുന്നതിനൊപ്പം ശ്വസന പ്രശ്നങ്ങളും കൈകാലുകളില്‍ വീക്കമും ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം.
വെള്ള നിറത്തിലുള്ള പാടുകള്‍
നഖങ്ങള്‍ വെള്ള നിറത്തിലുള്ള പാടുകള്‍ സിങ്കിന്റെയോ കാത്സ്യത്തിന്റെയോ കുറവിനെയാകാം സൂചിപ്പിക്കുന്നത്. വൃക്ക അല്ലെങ്കില്‍ കരള്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവരില്‍ ചിലപ്പോള്‍ നഖങ്ങളില്‍ ഈ വെളുത്ത പാടുകള്‍ കാണാറുണ്ട്. എന്നാല്‍ ഭൂരിഭാഗം സമയങ്ങളിലും ഈ പാടുകള്‍ അത്ര പേടിക്കേണ്ടവയല്ല.
നഖങ്ങളിലെ വിളര്‍ച്ച
നഖങ്ങളിലെ വിളര്‍ച്ചയും വെളുത്ത നിറവും നിങ്ങളിലെ രക്തത്തിലെ കുറവിന്റെയോ കരള്‍ രോഗത്തിന്റെയോ പോഷകാഹാരക്കുറവിന്റെയോ ലക്ഷണമാകാം.
നഖങ്ങളിലെ പൊട്ടല്‍
നഖങ്ങള്‍ പൊട്ടിപോകുന്നതോ വരണ്ടതോ ആകുന്നത് ശരീരത്തിലെ അയേണിന്റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. തൈറോയിഡ് പ്രശ്നമുള്ളവരിലും നിര്‍ജലീകരണത്തിന്റെ ലക്ഷണമായും നഖങ്ങള്‍ ഇത്തരത്തില്‍ കാണപ്പെടാം.
നഖങ്ങളിലെ കറുത്ത വരകള്‍
ബ്രൗണ്‍ നിറത്തിലോ കറുത്ത നിറത്തിലോ നഖങ്ങളില്‍ പാടുകളുണ്ടോ? ഇവ ചിലപ്പോള്‍ ഗുരുതര ആരോഗ്യ പ്രശ്നത്തിന്റെ സൂചനയാകാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ നിറം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.