പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം…പോലീസിനെതിരെ രൂക്ഷവിമർശനവുമായി കോടതി…
കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ നേരിട്ട് ഹാജരായി. ഇരുവരുടേയും കോൾ റെക്കോർഡ്സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെൺകുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ചോദിച്ചു. കാണാതായ ദിവസം തന്നെ പെൺകുട്ടി മരിച്ചുവെന്ന് പൊലീസ് കോടതിയിൽ മറുപടി പറഞ്ഞു. ഇന്നലെ പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത്.
കൃത്യവിലോപം പൊലീസിൽ നിന്നും ഉണ്ടായോയെന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാൽ പൊലീസ് അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കണം. പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്ത് ബുദ്ധിമുട്ടാണ് ഉള്ളത്. പൊലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയത് എന്നാണ്. പെൺകുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചോദിച്ചു.