പെൺകുട്ടികളെ ഇന്ന് താനൂരിലെത്തിക്കും…കോടതിയിൽ ഹാജരാക്കിയ ശേഷം..
മുംബൈയിൽ നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും.കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിടും. വിദ്യാർത്ഥികൾക്ക് കൗൺസിലിങും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പൊലീസ് നൽകും.
ഇതിനിടെ പെൺകുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത ഇൻസ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിനെ താനൂർ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. ഇയാൾ മുംബൈയിൽ നിന്ന് രാവിലെ നാട്ടിലെത്തുമെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ റഹിം അസ്ലമിനെ പൊലീസ് അറസ്റ്റ് ചെയ്യും.