വിവരങ്ങള്‍ ചോരുന്നു…അടയ്ക്കാനാകാത്ത ചോര്‍ച്ച…
പാര്‍ട്ടി ചര്‍ച്ചകള്‍ അപൂർവ്വമായെങ്കിലും ഇപ്പോഴും ചോരുന്നുവെന്ന് സിപിഐഎം പ്രവർത്തന റിപ്പോര്‍ട്ട്. സ്റ്റേറ്റ് കമ്മിറ്റിയിലെയും സെക്രട്ടറിയേറ്റിലെയും ചർച്ചകളുടെ വാർത്തകൾ ഈ നിലയിൽ അപൂർവ്വം ചില സന്ദർഭങ്ങളിൽ മാധ്യമങ്ങളുടെ കൈകളിലേയ്ക്ക് ചോർന്നെത്തുന്നു എന്നാണ് പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും നടക്കുന്ന ചർച്ചകൾ ഇടക്കാലത്ത് പുറത്ത് വന്നുവെന്ന പ്രശ്നം ഉണ്ടായിരുന്നു. എന്നാൽ അവയെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുന്നതിന് പൊതുവിൽ കഴിഞ്ഞിട്ടുണ്ടെന്നും പാർട്ടിക്കകത്ത് വന്നിരിക്കുന്ന യോജിപ്പിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ശരിയായ ചർച്ചയ്ക്കും പരിശോധനയ്ക്കും ശേഷമാണ് തീരുമാനങ്ങളെടുക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും എടുത്ത തീരുമാനങ്ങളെല്ലാം ഐക്യകണ്ഠേനയാണ് നടന്നത്. പാർട്ടിയിൽ നിലനിൽക്കുന്ന യോജിപ്പിൻ്റെയും ഐക്യത്തിൻ്റെയും ഭാഗമാണ് ഇതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.