മസ്തിഷ്കത്തിൽ രക്തസ്രാവം…കീഴ്ത്താടിയെല്ല് പൂർണമായി തകർന്നു..കുട്ടിയാനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്…

കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിലിറങ്ങുകയും മയക്കുവെടിവെച്ച് പിടികൂടുകയും ചെയ്ത കുട്ടിയാന ചരിഞ്ഞ സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. ആനയുടെ താടിയെല്ലിലെ മുറിവിൽ നിന്ന് അണുബാധ രക്തത്തിൽ വ്യാപിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. ആനയുടെ മസ്തിഷ്കത്തിൽ രക്തസ്രാവം കണ്ടെത്തി. കീഴ്ത്താടിയെല്ല് പൂർണമായി തകർന്നു, ആനയുടെ നാവിന്റെ മുൻഭാഗം അറ്റനിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. പൊട്ടിത്തെറിയിലൂടെ ഉണ്ടായ പരിക്കാണെന്ന നിഗമനത്തിലാണ് അധികൃതർ.

ഇന്നലെയാണ് കരിക്കോട്ടക്കരിയിൽ മൂന്ന് വയസുകാരൻ കുട്ടിയാന ഭീതി പടർത്തിയത്. ആറളം ഫാമിൽ നിന്ന് കാട്ടാന കൂട്ടത്തെ കാട് കയറ്റാൻ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. ഇതിനിടെ കൂട്ടം തെറ്റിയോ മറ്റോ ആണ് കുട്ടിയാന ജനവാസ മേഖലയിൽ എത്തിയത്. താടിയെല്ല് പൊട്ടി ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുറിഞ്ഞ ഭാഗത്ത് നിന്ന് മാംസവും രക്തവും അടർന്ന് തൂങ്ങിയിരുന്നു. അവശനായി ഒന്നിനും കഴിയാതെ വന്നതോടെ ആന കൂമൻ തോടിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മണിക്കൂറുകളോളം നിലയുറപ്പിച്ചു.

വൈകിട്ടോടെ വയനാട്ടിൽ നിന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ ആർആർടി സംഘമെത്തി മയക്കുവെടിവെച്ചു. ഇതിന് പിന്നാലെ ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകി. ആനയെ ആറളത്തെ ആർ ആർ ടി ഓഫീസിൽ എത്തിച്ച് ചികിത്സ നൽകാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി എലിഫന്റ് ആംബുലൻസ് എത്തി. ആംബുലൻസിലേക്ക് കാലെടുത്തുവെക്കുന്നതിനിടെ ആന അവശനായി വീണിരുന്നു. പിന്നാലെ മയക്കുവെടിവെച്ച ശേഷം ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകി ആറളത്തെ ആർആർടി ഓഫീസിൽ എത്തിച്ചെങ്കിലും രാത്രി ഒൻപത് മണിയോട ആന ചരിയുകയായിരുന്നു.

Related Articles

Back to top button