ഗുരുവായൂർ അമ്പലനടയിൽ ഭിക്ഷാടകർ.. മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ഭാണ്ഡത്തിൽ നിന്ന് കിട്ടിയത് ഐഫോൺ… ഒടുവിൽ…
ഗുരുവായൂർ അമ്പല പരിസരത്ത് നിന്ന് മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്നാട് സ്വദേശിയെ പതിവ് രീതിയിലാണ് തെരുവോരം മുരുകൻ സംരക്ഷിച്ചത്. ഇയാളുടെ ഭാണ്ഡത്തിൽ നിന്ന് ഐഫോൺ ലഭിച്ചപ്പോൾ ബന്ധുക്കളെ കണ്ടെത്താമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ലക്ഷങ്ങൾ വിലയുള്ള ഫോണിന്റെ ഉടമ കാനഡയിൽ നിന്ന് ബന്ധപ്പെട്ടപ്പോൾ കളഞ്ഞുകിട്ടിയ ഫോൺ തിരികെ നൽകാനായതിന്റെ സന്തോഷത്തിലാണ് തെരുവോരം മുരുകനുള്ളത്.
ഫെബ്രുവരി 27ന് ആണ് സംഭവങ്ങളുടെ തുടക്കം. തെരുവിൽ കഴിയുന്നവരെ കുളിപ്പിച്ച് പുതുവസ്ത്രവും ഭക്ഷണവും നൽകുന്നതിനിടെ സന്നദ്ധ പ്രവർത്തകനായ തെരുവോരം മുരുകന് മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ഭാണ്ഡത്തിൽ നിന്നാണ്ഐ ഫോൺ ലഭിച്ചത്. ഗുരുവായൂർ ക്ഷേത്ര പരിസരത്താണ് മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്നാട് സ്വദേശിയെ മുരുകൻ കണ്ടത്. അയാളെ സംരക്ഷിക്കാൻ തീരുമാനിച്ചു. ആദ്യപടിയായി അയാളെ കുളിപ്പിച്ചപ്പോഴാണ് മുരുകന് ഭാണ്ഡത്തിൽ നിന്നു ഫോൺ ലഭിച്ചത്. ചാർജ് തീർന്നു ഫോൺ ഓഫ് ആയ നിലയിലായിരുന്നു. ആദ്യം കേടായ ഫോൺ എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ചാർജ് ചെയ്തു നോക്കിയപ്പോൾ ഫോൺ ഓൺ ആവുകയായിരുന്നു.
സ്ക്രീനിൽ ഒരു ചിത്രം തെളിഞ്ഞു. ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വിലയുള്ള ഫോൺ ഫ്ലൈറ്റ് മോഡിൽ ആയതിനാൽ ഓപ്പൺ ചെയ്യാനോ കോൾ വിളിക്കാനോ കഴിഞ്ഞിരുന്നില്ല. ഇതിനെ സംബന്ധിച്ച് വാർത്തകൾ വന്നു. ഇതോടെ ഫോണിന്റെ സ്ക്രീനിൽ ഉള്ള വ്യക്തിയുടെ ബന്ധു സംഭവം അറിയുന്നതും കാനഡിലുള്ള ബന്ധുവിന് വിവരം അറിയിക്കുന്നതും. എറണാകുളം നോര്‍ത്ത് കളമശേരി പുത്തലത്ത് റോഡില്‍ റിവര്‍സൈഡ് റസിഡന്‍സി ഇ4ല്‍ രെമിത്ത് സക്കറിയയുടെ ഭാര്യ ടോംസ്ലിന്റേതാണ് ഈ ഫോണ്‍.
ഉടമയെ കണ്ടെത്തിയതിന് പിന്നാലെ ഫോൺ കളമശേരി പൊലീസ് സ്റ്റേഷനില്‍ വച്ചു ഉടമയുടെ ബന്ധുക്കള്‍ക്കു കൈമാറി. രെമിത്തും ടോംസ്‌ലിനും കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് അവധിക്ക് നാട്ടിൽ വന്നപ്പോൾ എറണാകുളത്തു വച്ചാണ് ഫോൺ നഷ്ടപ്പെട്ടത്. പിറ്റേന്ന് കാനഡയ്ക്ക് പോകേണ്ടതിനാൽ ഇവർ പൊലീസിൽ പരാതി നൽകിയില്ല. മാധ്യമങ്ങളിൽ ഫോൺ സ്ക്രീനിലെ ദമ്പതികളുടെ ചിത്രം അടക്കം വാർത്ത വന്നിരുന്നു. ഇതു കണ്ട് ഒരു ബന്ധുവാണ് കാനഡയിലുള്ള രെമിത്തിനെ വിവരം അറിയിച്ചത്. എന്തായാലും എറണാകുളത്ത് നിന്ന് നഷ്ടപ്പെട്ട ഫോൺ ഗുരുവായൂര് അമ്പല നടയിൽ നിന്ന് കണ്ടുകിട്ടിയതോടെ നിറഞ്ഞ സന്തോഷത്തിലാണ് ഫോണിന്റെ ഉടമയുള്ളത്. ഫോൺ അതിന്റെ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച സന്തോഷത്തിൽ മുരുകനും.