ഹരിപ്പാട് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവ്..ഒടുവിൽ സംഭവിച്ചത്…
ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് ട്രെയിനെത്തി കൊണ്ടിരുന്ന ട്രാക്കിലൂടെ ഓടിയെത്തി യുവാവിനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന ജനശതാബ്‍ദി എക്സ്പ്രസ് ആണ് കടന്നുപോയത്. ആലപ്പുഴയിലെ ഹരിപ്പാട് ബ്രഹ്മാണ്ട വിലാസം സ്കൂളിനും തൃപ്പക്കുടം റെയിൽവേ ക്രോസിനും ഇടയിൽ കാട് പിടിച്ച സ്ഥലത്താണ് സംഭവം.
ഒരു യുവാവിനെ കാണാനില്ലെന്ന് രാവിലെ സ്റ്റേഷനില്‍ നിന്ന് അറിയിച്ചിരുന്നുവെന്ന് നിഷാദ് പറഞ്ഞു. ഏഴ് മണിക്ക് ലൊക്കേഷൻ നോക്കിയപ്പോൾ റെയിൽവേ ട്രാക്കിന് അടുത്താണ് കാണിച്ചത്. ഉടൻ തന്നെ അങ്ങോട്ടേക്ക് പോയി. ഗേറ്റ് കീപ്പറോട് അന്വേഷിച്ചപ്പോൾ ഹരിപ്പാട് നിന്ന് പാസ് ചെയ്യാത്ത ഒരു ട്രെയിൻ വരുന്നുണ്ടെന്നും ഒരാൾ ട്രാക്കിൽ നില്‍ക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നും പറഞ്ഞു.
ട്രെയിൻ പിടിച്ചിടുന്ന കാര്യം അന്വേഷിച്ചെങ്കിലും ഹരിപ്പാട് നിന്ന് വിട്ടെന്നും അടുത്ത് എത്താറായെന്നും ഇനി പിടിക്കാൻ പറ്റില്ലെന്നുമാണ് പറഞ്ഞത്. ഏകദേശം 200 മീറ്റര്‍ ദൂരെ ഒരാൾ നിൽപ്പുണ്ടെന്നും ഗേറ്റ് കീപ്പര്‍ പറഞ്ഞു. തുടര്‍ന്ന് ട്രാക്ക് വഴി യുവാവിന് അടുത്തേക്ക് ഓടുകയായിരുന്നുവെന്ന് നിഷാദ് പറഞ്ഞു.