റീലിട്ടാൽ മാത്രം പോര.. വല്ലപ്പോഴും പണി നടക്കുമ്പോള്‍ കമ്പിയും സിമന്റുമിടുന്നുണ്ടെന്നും ഉറപ്പുവരുത്തണം.. മന്ത്രിക്കെതിരെ വി.ടി. ബല്‍റാം….
ആലപ്പുഴ ബൈപ്പാസിൽ ബീച്ച് ഭാഗത്ത് മേൽപ്പാലം നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ തകർന്നുവീണ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.പണി പൂർത്തിയാവുമ്പോൾ വന്ന് റീലിടാൻ മാത്രമല്ല, പണി നടക്കുമ്പോൾ കമ്പിയും സിമന്റുമിടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൂടി ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാര്യം ദേശീയപാതയാണെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ വേണ്ടിയുള്ളതാണ് ഈ റോഡുകള്‍. അതുകൊണ്ടുതന്നെ സംസ്ഥാനമാണോ കേന്ദ്രമാണോ കള്ളപ്പണി നടത്തുന്നതെന്ന് തര്‍ക്കിച്ചിട്ട് കാര്യമില്ല. നിര്‍മ്മാണത്തിലെ അപാകതകളേക്കുറിച്ച് പൂര്‍ത്തിയായ പല റീച്ചുകളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവയില്‍ കൃത്യമായ അന്വേഷണം വേണം. കുറ്റക്കാരെ പുറത്തു കൊണ്ടുവരണം. വീഴ്ചകള്‍ പരിഹരിക്കണം. ചെയ്ത പണികളുടെ ഗുണനിലവാരം സമഗ്രമായി പരിശോധിക്കണം. ബാക്കിയുള്ള പ്രവൃത്തികള്‍ ഗുണനിലവാരത്തോടെയാണ് നടക്കുക എന്നുറപ്പ് വരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.