ഭരണത്തുടർച്ചയിൽ പുതിയ നയങ്ങളുമായി സിപിഐഎം…
തിരുവനന്തപുരം: എംഎൽഎമാർക്ക് രണ്ടുടേമിൽ കൂടുതൽ മത്സരിക്കാൻ അവസരം കൊടുക്കേണ്ടെന്ന നയം മാറ്റാനൊരുങ്ങി സിപിഐഎം. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. രണ്ട് ടേം വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന ചർച്ച സിപിഐഎമ്മിൽ സജീവമാണ്.
ഈ സാഹചര്യത്തിലാണ് വിജയസാധ്യതയുള്ള എംഎൽഎമാരെ രണ്ട് ടേം വ്യവസ്ഥ മറികടന്നും മത്സരിപ്പിക്കാൻ സിപിഐഎം ആലോചിക്കുന്നത്. കേരളത്തിൽ അധികാരം നിലനിർത്തുക എന്നതാണ് ഇതിലൂടെ സിപിഐഎം ലക്ഷ്യമിടുന്നത്. രണ്ട് ടേം കഴിഞ്ഞവർ മത്സരരംഗത്ത് നിന്നും മാറ്റി നിർത്തണമെന്ന വ്യവസ്ഥ കർശനമാക്കിയാൽ 25 എംഎൽഎമാർ മാറിനിൽക്കേണ്ടി വരും.
സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കില്ലെങ്കിലും സമ്മേളനത്തിന് ശേഷം നിലവിൽ വരുന്ന സംസ്ഥാന സമിതി ഈ വിഷയം ഗൗരവമായി പരിഗണിക്കും. രണ്ട് ടേം എന്ന നിബന്ധന മാറ്റി മൂന്ന് ടേം ആക്കുന്നതിനെക്കുറിച്ചാണ് സിപിഐഎമ്മിൽ ആലോചന നടക്കുന്നത്.