കള്ളിൽ കഫ് സിറപ്പിൻ്റെ സാന്നിധ്യം… പിന്നിൽ സിപിഐഎം?
കള്ളിൽ കഫ് സിറപ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന വാദവുമായി കോൺഗ്രസ്. ഇരു ഷാപ്പുകളുടേയും ലൈസൻസി സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ വിമർശനം. സിപിഐഎം പാർട്ടി വിഭാഗീയത കാരണം സ്പിരിറ്റിന്‍റെ ലഭ്യത ഇല്ലാത്തതു കൊണ്ടാവും പുതിയ വഴി തേടിയത്. ചിറ്റൂർ മേഖലയിൽ കള്ള് ഷാപ്പ് നടത്തിപ്പുകാരും സിപിഐഎം നേതാക്കളും എക്സൈസിലെ ചില ഉദ്യോഗസ്ഥരും ചേർന്നുള്ള നെക്സസ് ആണ് പ്രവൃത്തികൾ നിയന്ത്രിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ഷാപ്പുകളുടെ ലൈസൻസി. കഫ്സിറപ്പും ഡയസിഫാം എന്ന രാസപദാർത്ഥത്തിൻ്റെ അംശവും കള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഷാപ്പ് പൂട്ടിയിട്ടില്ലെന്നും കോൺഗ്രസ് പറയുന്നു.
സിപിഐഎം കുമാരന്നൂർ ബ്രാഞ്ച് സെക്രട്ടറി രംഗനാഥനാണ് ഷാപ്പുകൾ നടത്തുന്നതെന്നാണ് നിഗമനം. ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിൽ നിന്നാണ് ചുമമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാക്കനാട് ലാബിൽ നിന്നും പുറത്ത് വന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ. കള്ളിന്റെ വീര്യം കൂടാനാണ് കഫ് സിറപ്പ് ചേർക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ 9ലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളിൽ നിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. ഈ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്.