കാലങ്ങളായി ഊരാതിരുന്ന മോതിരങ്ങൾ കുടുങ്ങി നീര് വച്ചു.. ബുദ്ധിമുട്ടെന്ന് ഡോക്ടർമാർ..ഒടുവിൽ…

കാലങ്ങളായി ഊരാതിരുന്ന മോതിരങ്ങൾ യുവാവിന്റെ വിരലിൽ കുടുങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷയില്ലാതായതോടെ  ഏറെ നേരത്തെ ശ്രമഫലമായി തിരുവനന്തപുരം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്നു മുറിച്ചു നീക്കി. മോതിരം മുറുകി വിരലിനു നീരുവന്നു പരിക്കേറ്റ യുവാവ് ഇന്നലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയതോടെയാണ് ഫയർഫോഴ്സിന് വിളിയെത്തിയത്. മുട്ടത്തറ സുന്ദരഭവനിൽ ബൈജു (42)വിൻ്റെ ഇടതുകൈയിലെ മോതിരവിരലിൽ കുടുങ്ങിയ രണ്ടു സ്റ്റീൽ മോതിരങ്ങളാണ് സേന മുറിച്ചുനീക്കിയത്.

ഏറെക്കാലമായി മോതിരങ്ങൾ ഊരാതെ കിടക്കുകയായിരുന്നു. വിരൽ നീരുവന്നു വണ്ണം വച്ചതോടെ ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വിരൽ നീരുവന്ന് വീർത്തതോടെ മോതിരങ്ങൾ ഇളക്കിമാറ്റാൻ കഴിയാതായി.ഇതോടെയാണ് ഡോക്ടർമാർ ഫയർ ഫോഴ്സ് സഹായം നിർദേശിച്ചത്.  സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ സുധീറിന്റെ നേതൃത്വത്തിൽ  ഓഫീസർമാരായ ശ്രീജിൻ, പ്രമോദ്, ഡ്രൈവർ അരുൺ എന്നിവർ ചേർന്ന് ഒരുമണിക്കൂർ പരിശ്രമിച്ച്  കട്ടർ ഉപയോഗിച്ച് മോതിരങ്ങൾ മുറിച്ചുനീക്കുകയായിരുന്നു. മോതിരം കിടന്ന് മുറിവായ വിരൽ പൂർണമായി സുഖപ്പെടുന്നതിനു  രണ്ടാഴ്‌ച സമയം വേണ്ടിവരുമെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Back to top button