നല്ലനടപ്പിന് ജയിൽ മോചിതയാവാനിരിക്കെ…ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്…

സഹതടവുകാരിയെ മർദിച്ചതിനെ തുടർന്ന് ഭാസ്കര കാരണവർ കേസ് പ്രതി ഷെറിനെതിരെ കേസ്. കണ്ണൂർ വനിതാ ജയിലിൽ ഇന്നലെയാണ് സംഭവം. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മർദിച്ചെന്നാണ് കേസ്. ശിക്ഷാ ഇളവ് നൽകാൻ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയിൽ ഉപദേശക സമിതിയുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. 

സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നൽ വേഗത്തിലായിരുന്നു. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയിൽ ഉപദേശ സമിതികളുടെ ശുപാര്‍ശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറ‍‍‍ഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. കണ്ണൂര്‍ ജയിൽ ഉപദേശക സമിതി ഡിസംബറിൽ നൽകിയ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. ഈ തീരുമാനം പിൻവലിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഷെറിനെ ജയിലിൽ നിന്ന് പുറത്തിറക്കാൻ മന്ത്രിസഭയിലെ ഏത് ഉന്നതനാണ് ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Related Articles

Back to top button