രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടത്തിനരികെ കേരളം…
രഞ്ജി ട്രോഫിയില്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ് സച്ചിന്‍ ബേബിയും സംഘവും. കരുത്തരെ ഞെട്ടിച്ചുള്ള കേരളത്തിന്റെ മുന്നേറ്റം രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അത്ഭുതക്കുതിപ്പുകളില്‍ ഒന്നായിരുന്നു. ഇന്ന് വിദര്‍ഭയ്‌ക്കെതിരെ ഫൈനല്‍ കളിക്കാനെത്തുമ്പോല്‍ സഞ്ജുവിനപ്പുറം കേരളത്തിന്റെ പേര് വീണ്ടും ഉയര്‍ന്ന് കേള്‍ക്കുകയാണ് ദേശീയ ക്രിക്കറ്റില്‍. സീസന്റെ തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ കളിച്ചു മുന്നേറിയ ടീമായിരുന്നു ഇത്തവണത്തേത്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ അര്‍ഹിച്ച ഭാഗ്യവും അവര്‍ക്കൊപ്പം നിന്നപ്പോള്‍ രഞ്ജിയുടെ ചരിത്രത്തില്‍ കേരളം ആദ്യമായി ഫൈനലിന് യോഗ്യത നേടി. ക്വാര്‍ട്ടറില്‍ നിര്‍ണ്ണായകമായത് ഒരു റണ്ണിന്റെ ലീഡെങ്കില്‍ സെമി ഫൈനലില്‍ അത് രണ്ടായിരുന്നു. രണ്ട് കളികളിലും സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പൊരുതിക്കയറിയാണ് കേരളം അടുത്ത റൗണ്ട് ഉറപ്പിച്ചത്. സീസണിലുടനീളം ബാറ്റിങ് നിരയുടെ കരുത്തായ സല്‍മാന്‍ നിസാറും മുഹമ്മദ് അസറുദ്ദീനും, ബൌളിങ് നിരയില്‍ നിധീഷും ഓള്‍ റൌണ്ട് സാന്നിധ്യങ്ങളായ ജലജ് സക്‌സേനയും ആദിത്യ സര്‍വാടെയുമെല്ലാം ഈ നേട്ടത്തില്‍ മുഖ്യ പങ്കു വഹിച്ചവരാണ്. ഇവര്‍ക്കൊപ്പം എടുത്ത് പറയേണ്ട മറ്റൊരു പേര് ടീമിനെ പോസിറ്റീവ് ഗെയിമിന്റെ വഴിയിലൂടെ നയിച്ച കോച്ച് അമയ് ഖുറേസിയയുടേതാണ്. ഖുറേസിയ ടീമിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് അഭിമുഖങ്ങളില്‍ സല്‍മാനും അസറുദ്ദീനും എല്ലാം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 94-95ലായിരുന്നു കേരളം ആദ്യമായി നോക്കൌട്ടിലേക്ക് മുന്നേറുന്നത്. കെ എന്‍ അനന്തപത്മനാഭന്റെ നേതൃത്വത്തിലുള്ള ടീം കരുത്തരായ തമിഴ്‌നാടിനെ വരെ തോല്‍ച്ചായിരുന്നു നോക്കൌട്ടിലെത്തിയത്.