വിവാഹം കഴിച്ചില്ലെങ്കില്‍ പിരിച്ച് വിടുമെന്ന് കമ്പനി.. ഞെട്ടി തൊഴിലാളികള്‍.. വിവാദം…
തങ്ങളുടെ തൊഴിലാളികള്‍ക്കിടയില്‍ കുടുംബജീവിതം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരു ചൈനീസ് കമ്പനി കൊണ്ടുവന്ന തീരുമാനങ്ങൾ വിവാദമായി. തങ്ങളുടെ തൊഴിലാളികൾക്കിടയില്‍ 28 നും 58 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരും വിവാഹമോചിതരുമായവര്‍ സെപ്തംബറോടെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കണം എന്നായിരുന്നു കമ്പനിയുടെ ആവശ്യം.ജനനനിരക്ക് കൂട്ടാനായി ചൈനീസ് ഭരണകൂടം നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനിടെ ഒരു പടി കൂടി കടന്നുള്ള കമ്പനിയുടെ നിര്‍ദ്ദേശം പക്ഷേ, വലിയ വിമര്‍ശനങ്ങൾക്കാണ് വഴിവച്ചത്. സംഭവം വിവാദമായതോടെ ചൈനീസ് ഭരണകൂടം കമ്പനിയില്‍ നിന്നും വിശദീകരണം തേടിയട്ടുണ്ട്.
ഷാൻഡോങ് പ്രവിശ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷുണ്ടിയൻ കെമിക്കൽ ഗ്രൂപ്പാണ് തങ്ങളുടെ ജീവനക്കാര്‍ക്ക്, പുതിയ കുടുംബ ജീവിതം തുടങ്ങാന്‍ നിര്‍ദ്ദേശം നല്കി പുലിവാല് പിടിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് കമ്പനി പുതിയ നിര്‍ദ്ദേശം പുറത്തിറങ്ങിയത്. കമ്പനിയിലെ വിവാദ നിര്‍ദ്ദേശത്തില്‍ ജീവനക്കാര്‍ ആരെങ്കിലും മാര്‍ച്ചിനുള്ളില്‍ വിവാഹം കഴിക്കാതെ ഇരിക്കുകയാണെങ്കില്‍ ഒരു സ്വയം വിമർശന കത്ത് കമ്പനിയില്‍ സമർപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം ജൂണിനുള്ളിൽ അവിവാഹിതരായവർ കമ്പനിയുടെ മൂല്യനിർണ്ണയത്തിന് വിധേയരാക്കപ്പെടും. കമ്പനി നിര്‍ദ്ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുകയാണെങ്കിൽ, അത്തരം ജീവനക്കാരെ പിരിച്ച് വിടുമെന്നും കമ്പനിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.