പാർട്ടിയോട് ആലോചിക്കാതെ പി സി ജോർജ് ചർച്ചയിൽ പങ്കെടുത്തത് എന്തിന്?…പിന്തുണ തേടി ചെന്ന പി സി ജോർജ് കൈവിട്ട് സംസ്ഥാന നേതൃത്വം…
PC george called prakash javadekar asked support but kerala leaders reject him on religious hatred case
ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് പിന്തുണ തേടി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ചായിരുന്നു ജോര്‍ജ് പിന്തുണ തേടിയത്. ഇതോടെ ജാവദേക്കര്‍ സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെടുകയും നേതാക്കളോട് അഭിപ്രായം തേടുകയും ചെയ്തു. എന്നാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വം മറുപടി നല്‍കിയത്.
പാര്‍ട്ടിയോട് ആലോചിക്കാതെ പി സി ജോര്‍ജ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വിഷയം ചര്‍ച്ചയാകുകയും കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പി സി ജോര്‍ജിനോട് മാപ്പ് പറയാന്‍ നിര്‍ദേശിച്ചത് ബിജെപി സംസ്ഥാന നേതൃത്വമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി സി ജോര്‍ജ് ഫേസ്ബുക്കിലൂടെ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ പ്രതികരിക്കാനാണ് ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ധാരണ. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് ഒളിവിലാണ്.
ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പൊലീസാണ് പി സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുപ്പതുവര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തികരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍ കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും കോടതി പറഞ്ഞിരുന്നു. പി സി ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു.