ബാക്കി തുക നാല് മാസം കഴിഞ്ഞ്…പട്ടയത്തിന് 50,000 രൂപ കൈക്കൂലി…വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ…

vigilance-arrests-village-field-assistant

പട്ടയത്തിന് 50,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്‍റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ തിരുവാലി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് നിഹമത്തുള്ളയാണ് പിടിയിലായത്. മലപ്പുറം തവനൂർ കുഴിമണ്ണ സ്വദേശിയായ പരാതിക്കാരന്‍റെ മുത്തച്ഛന്റെ പേരിൽ തിരുവാലി വില്ലേജ് പരിധിയിൽ പെട്ട 74 സെന്‍റ് വസ്തുവിന് പട്ടയം അനുവദിച്ച് കിട്ടുന്നതിന് പരാതിക്കാരന്റെ അമ്മയുടെ പേരിൽ രണ്ട് വർഷം മുമ്പ് തിരുവാലി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.

അപേക്ഷയിന്മേലുള്ള നടപടി സ്വീകരിച്ചു വരവേ അന്നത്തെ വില്ലേജ് ഓഫീസർ ട്രാൻസ്ഫർ ആയി പോയിരുന്നു. ഈമാസം ഏഴിന് പരാതിക്കാരൻ വില്ലേജ് ഓഫീസിൽ പട്ടയത്തന് നൽകിയിരുന്ന അപേക്ഷയെ കുറിച്ച് അന്വേഷിച്ച് ചെന്നപ്പോൾ പരാതിക്കാരന്റെ അമ്മയുടെ പേരിൽ സമർപ്പിച്ച അപേക്ഷ ഓഫീസിൽ കാണാനില്ലായെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിഹമത്തുള്ള പറഞ്ഞു.

പരാതിക്കാരന്‍റെ അമ്മയെ കൊണ്ട് പുതിയ അപേക്ഷ എഴുതി വാങ്ങിക്കുകയും ചെയ്തു. തുടർന്ന് അപേക്ഷയെ സംബന്ധിച്ച് വീണ്ടും വില്ലേജ് ഓഫീസിൽ അന്വേഷിച്ചെത്തിയ പരാതിക്കാരനോട് നിലവിലുള്ള അപേക്ഷ പ്രകാരം പട്ടയം കിട്ടാൻ സാധ്യതയില്ലെന്നും മറ്റൊരു വഴിയുണ്ടെന്നും പറയുകയായിരുന്നു. അതിന് സെന്‍റൊന്നിന് 9,864 രൂപ വച്ച് 7,29,936 രൂപ കൈക്കൂലി നൽകണമെന്നും ആയതിന്‍റെ ആദ്യ ഗഡുവായി 50,000 രൂപ 22ന് രാവിലെ മഞ്ചേരി കാരക്കുന്നിൽ എത്തി നൽകാനും പറഞ്ഞു.

ബാക്കി തുക നാല് മാസം കഴിഞ്ഞ് പട്ടയം കിട്ടുന്ന സമയം നൽകണമെന്നും വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റായ നിഹമത്തുള്ള പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ രാവിലെ 10:45 മണിയോടുകൂടി കാരക്കുന്നിൽ വച്ച് പരാതിക്കാരനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങവേ കയ്യോടെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button