വല്ലാര്‍പാടം പദ്ധതി… കുടിയൊഴിപ്പിക്കപ്പെട്ടകുടുംബങ്ങള്‍, 17 വർഷങ്ങള്‍ക്ക് ശേഷവും വീടിനായി അലയുന്നു…
Vallarpadam project... Displaced families still searching for a house after 17 years...
കൊച്ചി: കൊച്ചി വല്ലാർപാടം ട്രാൻഷിപ്പ്മെന്റ് പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങൾക്ക് 17 വർഷത്തിനിപ്പുറവും നീതി അകലെ. വാസയോഗ്യമല്ലാത്ത ഭൂമിയിൽ റവന്യു അഴിയാകുരുക്കിൽപ്പെട്ട് പോയ മനുഷ്യർ ഒരു വീടിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്. വലിയ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിലെ സംസ്ഥാന സർക്കാരിന്റെ അപാകതയാണ് പുനരധിവാസം താളം തെറ്റിച്ചത്. വല്ലാർപാടം കണ്ടൈനർ ടെർമിനലിലേക്ക് റോഡും റെയിലിനുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെയാണ്. അന്നത്തെ വി എസ് സർക്കാറായിരുന്നു കേന്ദ്രപദ്ധതിക്കായി സ്ഥലവും ഭൂമിയും ഏറ്റെടുത്ത് നൽകിയത്. 2008 ഫെബ്രുവരി 6 ന് ജെസിബി കൊണ്ട് മനുഷ്യശരീരങ്ങളെ ആട്ടിപ്പായിച്ച കുടിയൊഴിപ്പിച്ചു. വീടും ഭൂമിയും വിട്ടിറങ്ങിയവർക്ക് നഷ്ടപരിഹാരത്തുകയ്ക്കപ്പുറം വീട് നിർമ്മിക്കാൻ കൊച്ചിയുടെ വിവിധ പരിസരപ്രദേശങ്ങളിൽ ഭൂമിയും പ്രഖ്യാപിച്ചു. എന്നാൽ മൂലമ്പിള്ളി പാക്കേജ് നടപ്പാക്കുന്നതിൽ പിന്നീട് വന്ന സംസ്ഥാന സർക്കാരുകളുടെ കടുത്ത അവഗണന ഇവരെ വീണ്ടും തോൽപിച്ചു. വീടിനായി അന്ന ലക്ഷ്മി കിണറും ചുറ്റുമതിലും പൂർത്തിയാക്കിയപ്പോഴാണ് ഇതേ ഭൂമിയുടെ ഉടമസ്ഥത ഉന്നയിച്ച് പ്രവീൺ എത്തുന്നത്. റവന്യു ഓഫീസിൽ പരിശോധിച്ചപ്പോഴാണ് ഈ പ്ലോട്ട് നമ്പർ ഒന്നിന്റെ 4 സെന്റ് ഭൂമിക്ക് മൂന്ന് പേർ ഉടമസ്ഥരെന്ന് അറിയുന്നത്. പിന്നെയും ഇവരെ നരകിപ്പിക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുടിയിറക്കപ്പെട്ടതിന്റെ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണ് റോസിലിയുടെ മകൻ ആത്മഹത്യ ചെയ്തത്. കാട് കയറിയ ഭൂമിയിൽ എന്നൊരു വീട് ഉണ്ടാകുമെന്ന് 73 കാരിയായ അറിയില്ല.17വർഷം മുൻപ് തുടങ്ങിയ ജീവിതസമരത്തിന് ഈ പ്രായത്തിലും അവസാനമില്ല.