പഞ്ചായത്തിലെ അവിശ്വാസ പ്രമേയം.. വൈസ് പ്രസിഡൻ്റിനെ കാണാനില്ലെന്ന പരാതിയുമായി സിപിഐഎം…
ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന് പരാതിയുമായി സിപിഐഎം രംഗത്ത്. ഇടതുമുന്നണി അംഗമായ നുസൈബ സുധീറിനെ രണ്ട് ദിവസമായി ബന്ധപ്പെടാനാകുന്നില്ലെന്നാണ് സിപിഐഎം നേതൃത്വത്തിൻ്റെ പരാതി. യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നുസൈബ നിൽക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. നുസൈബയെ കാണാനില്ലെന്ന സിപിഐഎം പരാതി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അങ്ങനെയൊരു പരാതി കുടുംബത്തിനില്ലെന്നായിരുന്നു സുധീറിൻ്റെ പ്രതികരണം. നുസൈബ ഒപ്പമുണ്ടെന്നും സുധീർ വ്യക്തമാക്കി.
നേരത്തെ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയത്തിന്മേൽ ഫെബ്രുവരി 25ന് ചർച്ച നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. നേരത്തെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിന് പിന്നാലെ എൽഡിഎഫ് അവരുടെ 10 അംഗങ്ങളെയും പങ്കെടുപ്പിച്ച് വാർത്താസമ്മേളനം വിളിച്ചിരുന്നു. വാർത്താസമ്മേളത്തിൽ പങ്കെടുത്ത നുബൈസ സുധീർ എൽഡിഎഫിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ഇവരെ കാണാതായെന്നാണ് സിപിഐഎം പരാതി.