രോഗികളുടെ രേഖകളോ ഡോക്ടറുടെ കുറിപ്പടിയോ ഇല്ല…ആയുർവേ​ദ ഫാർമസിയുടെ മറവിൽ അരിഷ്ടത്തിൽ ലഹരി കലർത്തി വിൽപന…

excise action in sale arishtam with added more alcohol in neyyattinkara ayurveda pharmacy

നെയ്യാറ്റിൻകരയിൽ ആയുർവേ​ദ ഫാർമസിയുടെ മറവിൽ അരിഷ്ടത്തിൽ ലഹരി കലർത്തി വിൽപന നടത്തിയെന്ന വാർത്തയിൽ നടപടി. ഉടമ തങ്കരാജിനെയും സ്റ്റാഫ് അനീഷിനെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. സർക്കിൾ ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും അമരവിള റേഞ്ച് എക്സൈസ് ടീമിന് കൈമാറും.

സ്ഥാപനത്തിൽ രോഗികളുടെ രേഖകളോ ഡോക്ടറുടെ കുറിപ്പടിയോ സൂക്ഷിച്ചിട്ടില്ല. കൃത്യമായ മറുപടി തങ്കരാജ് നൽകിയില്ലെന്ന് സർക്കിൾ ഇൻസ്പെക്ടർ ഷാജഹാൻ പറഞ്ഞു. അരിഷ്ടം പരിശോധനയ്ക്ക് അയയ്ക്കും. പിപ്പല്യാസവം, മുസ്താരിഷ്ടം ഇങ്ങനെ പലവിധ പേരുകളിലാണ് അരിഷ്ടം വിറ്റിരുന്നത്. ജീവൻ ആയുർവേദ പഞ്ചകർമ്മ ചികിത്സാലയത്തിൻ്റെ മറവിലാണ് അരിഷ്ട വിൽപന. സിപിഐഎം പെരുങ്കടവിള ലോക്കൽ കമ്മിറ്റി അംഗമാണ് തങ്കരാജ്. ഇയാളുടെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗമാണ് തങ്കരാജ്.

അരിഷ്ടം ഉണ്ടാക്കുന്നത് ഒറ്റശേഖരമം​ഗലത്ത് നിന്നാണെന്ന് ഫാർമസി ജീവനക്കാരൻ പറഞ്ഞു. എന്നാൽ അരിഷ്ടത്തിൽ മദ്യം ചേർക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജീവനക്കാരൻ മറുപടി നൽകിയില്ല. ബെവ്കോയ്ക്ക് സമാനമായാണ് അരിഷ്ട വിൽപന നടത്തിയിരുന്നത്. കടയിലെത്തുന്നവർക്ക് അരിഷ്ടം എന്ന് ചോദിച്ചാൽ മതി, ഡോക്ടറിന്റെ കുറിപ്പടി ഇല്ലാതെ തന്നെ ഇവർ മരുന്ന് നൽകും. കുപ്പിയിൽ ​ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്തായിരുന്നു ആയുർവേദ ഫാർമസിയുടെ അരിഷ്ട കച്ചവടം.

Related Articles

Back to top button