‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ തന്നെ! ആക്രിവിറ്റ് കിട്ടിയ 50000 രൂപ അധ്യാപികയ്ക്ക് കൈമാറി സിപിഎം പ്രവര്‍ത്തകന്‍…

scrap selling

ചാലക്കുടിക്കാരന്‍ ചങ്ങാതി ബേക്കറി ഉടമ ദാസന്റെ മനസിന് പലഹാരങ്ങളേക്കാള്‍ ഇരട്ടിമധുരം. ആക്രിസാധനങ്ങള്‍ ശേഖരിച്ച് അധ്യാപികയുടെ ചികിത്സയ്ക്കായി ദാസന്‍ കണ്ടെത്തിയത് അര ലക്ഷം രൂപയിലേറെ. ബേക്കറി ഉടമയും സി.പി.എം. പ്രവര്‍ത്തകനുമായ പാര്‍സി കുന്നുമ്മേല്‍ പി.കെ ഹരിദാസ് എന്ന നാട്ടുകാരുടെ ദാസാണ് ആക്രി വിറ്റ് ചികിത്സാ ചെലവിനായി പണം സ്വരൂപിച്ചത്.

ബേക്കറി പലഹാര പണികള്‍ക്കിടയില്‍ സമയം കണ്ടെത്തി വീടുകള്‍ കയറിയിറങ്ങി ശേഖരിച്ച ആക്രി സാധനങ്ങള്‍ വിറ്റ് 51000 രൂപ സ്വരൂപിച്ചു. ഇരുവൃക്കകളും തകരാറിലായ സി.കെ. എം.എന്‍.എസ്.എസ്. സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപിക പടിഞ്ഞാറെ ചാലക്കുടി മാത്യു നഗര്‍ നിവാസിയായ ടി.ആര്‍. ശ്രീദേവിയുടെ ചികിത്സയ്ക്കായാണ് ദാസന്‍ പണം സ്വരൂപിച്ചത്.

ഇരുവൃക്കകളും തകരാറിലായ ശ്രീദേവിക്ക് വൃക്ക മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ധനരായ ഈ കുടുംബത്തിന് ചികിത്സയ്ക്കായുള്ള ഭാരിച്ച തുക കണ്ടെത്താന്‍ മാര്‍ഗവുമില്ല. ഈ സാഹചര്യത്തിലാണ് ദാസന്‍ തന്നാലാവുംവിധം സഹായിക്കാനായി ആക്രിശേഖരണത്തിനൊരുങ്ങിയത്. വീടുകളില്‍നിന്നും പത്രക്കടലാസ്, കുപ്പികള്‍, ഉപയോഗശ്യൂന്യമായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, പാട്ട തുടങ്ങിയവയെല്ലാം ദാസന്‍ ശേഖരിച്ചു.

വീടുകളില്‍ സൈക്കിളിലെത്തിയാണ് ഇവ ശേഖരിച്ചത്. ഡിസംബര്‍ 23ന് തുടങ്ങിയ ശേഖരണം ജനുവരി അവസാനത്തോടെ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ഇവ ആക്രിക്കടയിലെത്തിച്ച് വില്പന നടത്തി. അര നൂറ്റാണ്ടോളമായി ദാസന്‍ ബേക്കറി ബിസിനസുമായി ചാലക്കുടിയിലുണ്ട്. അച്ചപ്പം, കുഴലപ്പം തുടങ്ങിയ പലഹാരങ്ങള്‍ തയാറാക്കി സൈക്കിളില്‍ കൊണ്ടുനടന്നുള്ള വില്പയുമുണ്ട് ദാസന്. ആക്രി വിറ്റുകിട്ടിയ 51000 രൂപ ശ്രീദേവിയുടെ മക്കള്‍ക്ക് കൈമാറി. സി.പി.എം. ഏരിയാ കമ്മിറ്റിയംഗം ജില്‍ ആന്റണി, വി.ഒ. വര്‍ഗീസ്, ബിജു ആച്ചാണ്ടി, നിബു ജോസ് എന്നിവരും സന്നിഹിതരായിരുന്നു.

Related Articles

Back to top button