സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം….യുവാവ് അറസ്റ്റില്‍

Promised to build a house for free....youth arrested

സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കി മുങ്ങിയ പ്രതിയെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ആറാട്ടുതറ സ്വദേശി പുളിക്കപുളി വീട്ടില്‍ ശ്യാം മുരളി (32) ആണ് പിടിയിലായത്. സൗജന്യമായി വീട് നിര്‍മിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് പനമരം പ്രദേശത്തെ പലരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് എന്ന തരത്തില്‍ എട്ട് ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി. 2024-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശ്യാം മുരളി അറസ്റ്റിലായിരിക്കുന്നത്.
പരാതി വന്നതോടെ ഒളിവില്‍പോയ പ്രതി ആദ്യം കേരള ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നു. സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പുളിഞ്ഞാലില്‍ നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. പനമരം എസ്ഐ എം.കെ റസാഖ്, എഎസ്ഐ ബിനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിന്‍സ്, രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സജു എന്നിവരാണ് ശ്യാം മുരളിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button