ഉറക്കം തൂങ്ങിയല്ല ഉറങ്ങിത്തന്നെ ശമ്പളം വാങ്ങാം.. അറിയാം മികച്ച ‘ഉറക്ക’ ജോലികള്‍….
jobs where you get paid to sleep
ഇനി ഉറങ്ങി തന്നെ ശമ്പളം വാങ്ങാം. ഉറങ്ങി ശമ്പളം വാങ്ങാനാകുന്ന തൊഴില്‍ സാധ്യതകളെ പരിചയപ്പെടാം.
സ്ലീപ് സ്റ്റഡി പാര്‍ട്ടിസിപ്പന്റ്
ആശുപത്രികള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഉറക്ക പഠനത്തിനായി ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ഉറക്കത്തിനിടയിലെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഉറക്ക തകരാറുകള്‍ എന്നിവ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഉറക്ക പഠനത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്നത്. വിഷാദവും ഉറക്കവും തമ്മിലുള്ള ബന്ധം ഉള്‍പ്പെടെയുള്ള പഠനങ്ങളും ഇത്തരത്തില്‍ നടത്തുന്നുണ്ട്. ഗവേഷകര്‍ നല്‍കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കേണ്ടി വരും. രാത്രിയിലും പകലുമുള്ള ഉറക്കവും പരിശോധിക്കും.
ഹോട്ടല്‍ സ്ലീപ് ടെസ്റ്റര്‍
ആഡംബര ഹോട്ടലുകളാണ് ഇവിടെ ഉറക്കത്തിനായി ഉദ്യോഗാര്‍ഥികളെ തേടുന്നത്. ആഡംബര ഹോട്ടലിലെ കിടക്കകള്‍ അതിഥികള്‍ക്ക് സുഖപ്രദമായ ഉറക്കമാണോ നല്‍കുന്നത്, ഹോട്ടലിലെ മറ്റു ശബ്ദങ്ങളും സജീകരണങ്ങളും അതിഥിയുടെ ഉറക്കത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു തുടങ്ങിയവ പരീക്ഷിച്ച് അറിയുകയാണ് ഉദ്ദേശ്യം.
പ്രൊഫണല്‍ സ്ലീപ്പര്‍
ഇവരെ വിവിധ സാഹചര്യങ്ങളില്‍ ഉറങ്ങാന്‍ വിടുകയാണ് കമ്പനികള്‍ ചെയ്യുന്നത്. ഉറങ്ങാന്‍ അതിയായി താല്പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാനാവുന്ന മികച്ച പ്രൊഫഷനാണ് ഇത്. സ്ലീപ്പിങ് പ്രൊഡക്ടുകളുടെ ഗുണനിലവാരം പരിശോധിച്ചറിയുന്നതിനായാണ് ഇവരെ നിയോഗിക്കുന്നത്. പുതിയ കിടക്കകള്‍, തലയണ, ഹെഡ്‌ഫോണുകള്‍ എന്നിവ മികച്ച ഉറക്കം പ്രദാനം ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ച് അഭിപ്രായം നല്‍കണം. എത്ര ഉറങ്ങുന്നോ അത്രയും പണം സമ്പാദിക്കാം. ഒരു പ്രൊഫണല്‍ സ്ലീപ്പറിന്റെ മാസവരുമാനം 1000 ഡോളറിനും 5000 ഡോളറിനും ഇടയിലാണ്.
കെയര്‍ ടേക്കര്‍
പ്രായമായവരെയും കുട്ടികളെയും രാത്രിയില്‍ പരിചരിക്കുന്നവരാണ് ഇവര്‍. അവരെ ഉറങ്ങാന്‍ സഹായിക്കുക, രാത്രിയില്‍ ഉറങ്ങാന്‍ കൂട്ടുപോവുക എന്നുള്ളതാണ് ഇവരുടെ പ്രധാന ജോലി.
എയര്‍ലൈന്‍ സ്ലീപ് ടെസ്റ്റര്‍
ബിസിനസ്, ഫസ്റ്റ് ക്ലാസ് സീറ്റുകളിലെ ഉറക്ക സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനു വേണ്ടിയാണ് വിവിധ വിമാന കമ്പനികള്‍ സ്ലീപ് ടെസ്റ്റര്‍മാരെ നിയമിക്കാറുണ്ട്. എത്രത്തോളം മികച്ച ഉറക്കമാണ് വിമാനയാത്രയില്‍ പുതിയ സംവിധാനങ്ങള്‍ നല്‍കുന്നതെന്ന് പരിശോധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ് ഇവരുടെ ജോലി.