ഒടുവിൽ മയപ്പെട്ട് തരൂർ.. കുഞ്ഞാലിക്കുട്ടിയെയും ഉമ്മൻചാണ്ടിയെയും പ്രശംസിച്ച് ശശി തരൂരിൻ്റെ വിശദീകരണം..

വ്യവസായ വളര്‍ച്ചയില്‍ കേരള സര്‍ക്കാരിനെ പ്രശംസിച്ചതിനെ കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗും തള്ളി പറഞ്ഞതോടെ വിശദീകരണവുമായി ശശി തരൂര്‍ എംപി.താന്‍ ചൂണ്ടിക്കാട്ടിയത് വ്യവസായങ്ങളോടുള്ള പൊതുനയത്തില്‍ സിപിഎം സ്വീകരിച്ച മാറ്റങ്ങളെ കുറിച്ചുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ കണക്കുകള്‍ മാത്രമാണെന്നാണ് പുതിയ നിലപാട്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച വാക്‌പോര് തുടരുന്നതിനിടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റില്‍ ശശി തരൂര്‍ വിഷയം മയപ്പെടുത്തുന്നത്. സംസ്ഥാനം ഭരിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ നേട്ടം കൂടി പരാമര്‍ശിക്കുന്നതാണ് പുതിയ പ്രതികരണം.

നിലവിൽ സിപിഐഎം നേതൃത്വം കഴിഞ്ഞകാലങ്ങളില്‍ സാങ്കേതിക വിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്നിരുന്ന സമീപനങ്ങളില്‍ ഒരുമാറ്റം വരുത്തിയിരിക്കുന്നു. അത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് ശശി തരൂര്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ചുകൊണ്ട് കൂടിയാണ് തരൂരിൻ്റെ വിശദീകരണം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വ്യവസായവകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയായിരുന്നു.

‘ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും കേരളത്തിന് കാതലായ വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി ഒരു ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് എ കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് നടത്തിയതും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു.സിപിഐഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തില്‍ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകള്‍ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം’, എന്നാണ് തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശം.

Related Articles

Back to top button