പഞ്ചസാര ഉപയോഗം കൂടുതലാണോ.. ശരീരത്തിന് വരുന്ന മാറ്റങ്ങള്‍ ഇതൊക്കെ…
പ്രമേഹം വന്ന് വാതിൽ മുട്ടാതെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ച് പലരും ചിന്തിക്കാറേയില്ല . ആഗോളതലത്തിൽ ഏതാണ്ട് 422 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള പ്രമേഹ രോഗികളാണെന്നാണ് കണക്കുകൾ പറയുന്നത്.ആവിശ്യത്തിനും അനാവശ്യത്തിനും പഞ്ചസാര നമ്മൾ ഉപയോഗിക്കാറുണ്ട്. നിത്യ ജീവിതത്തില്‍ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
പഞ്ചസാര കാരണം ശരീരത്തിന് എന്തൊക്കെ സംഭവിക്കുമെന്ന് നോക്കാം…
- ശരീരഭാരം
പഞ്ചസാരയിൽ യാതൊരു പോഷകങ്ങളുമില്ലെന്ന് മാത്രമല്ല ഇതിൽ ശൂന്യമായ കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ വിശപ്പ് വർധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും. പൊണ്ണത്തടിയും അമിത ശരീരഭാരവും ഉണ്ടാക്കും. പ്രമേഹമുൾപ്പെടെ മാരകമായ പല രോഗങ്ങളിലേക്ക് ഇത് നയിക്കും.
- പ്രമേഹവും പിസിഒഎസും
അമിതമായ പഞ്ചസാര ഉപഭോഗം ശരീരത്തിന്റെ ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹത്തിനും പിസിഒഎസ് പോലുള്ള അവസ്ഥകൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.
- ഹൃദ്രോഗ സാധ്യത
പഞ്ചസാരയുടെ ഉയർന്ന ഉപഭോഗം രക്തസമ്മർദം, ഫാറ്റി ലിവർ, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിക്കുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ പഞ്ചസാരയുടെ അമിത ഉപഭോഗം രക്തത്തിലെ കൊളസ്ട്രോൾ നില വർധിപ്പിക്കുന്നു. കൂടാതെ ആതെറോസ്ക്ലെറോസിസ് സാധ്യതയും വർധിപ്പിക്കുന്നു.
4.ചർമത്തിന് അകാല വാർദ്ധക്യം
പഞ്ചസാരയുടെ അമിത ഉപഭോഗം ചർമത്തിന്റെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തും. ഗ്ലൈക്കേഷൻ പ്രക്രിയ യുവത്വമുള്ളതും ജലാംശം ഉള്ളതുമായ ചർമ്മത്തിന് ആവശ്യമായ പ്രോട്ടീനുകളായ കൊളാജൻ, എലാസ്റ്റിൻ എന്നിവയെ നശിപ്പിക്കുന്നു. കാലക്രമേണ, ഇത് ചുളിവുകൾക്കും തൂങ്ങലിനും കാരണമാകും.
5.രോഗപ്രതിരോധ സംവിധാനം
ശരീരത്തിൽ വീക്കം വർധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ള അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നു. ഇത് ഓട്ടോഇമ്മ്യൂൺ അവസ്ഥകൾക്കും കാരണമാകാം.