വായിലും കഴുത്തിലും ചങ്ങല കുരുങ്ങി, വെള്ളം കുടിക്കാൻ പോലുമാവാതെ തളർന്ന് വളർത്തുനായ…

തച്ചോട്ടുകാവിന് സമീപം പെരുകാവിലെ വീട്ടിൽ കൂട്ടിലിട്ടിരുന്ന വളർത്തു നായയുടെ വായിൽ ചങ്ങല കുരുങ്ങി. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ അവശ നിലയിലായിരുന്ന നായയെ ഫയർഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ പെരുകാവ് സ്വദേശി ഗോപന്‍റെ വളർത്തു നായയെയാണ് സന്നദ്ധ പ്രവർത്തകർ വിളിച്ചു പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ചെങ്കൽച്ചൂള യൂണിറ്റിൽ നിന്നും ഉദ്യോഗസ്ഥർ എത്തി രക്ഷപ്പെടുത്തിയത്.

വീട്ടുടമ സ്ഥലത്തില്ലാതിരുന്നതിനാൽ നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനായി ഒരാളെ ഏർപ്പാട് ചെയ്തിരുന്നു. രാവിലെ ഇയാൾ ഭക്ഷണവുമായി എത്തിയപ്പോഴാണ് കഴുത്തിലും വായിലുമായി ചങ്ങല കുരുങ്ങി വീർപ്പുമുട്ടിയ നിലയിലായ നായയെ കണ്ടത്. പിന്നാലെ പ്രദേശത്തെ സിവിൽ ഡിഫൻസ് വളണ്ടിയറിനെ ഇയാൾ വിളിച്ച് പറഞ്ഞതോടെയാണ് ചെങ്കൽച്ചൂളയിൽ നിന്നും അഞ്ചംഗ സംഘം രക്ഷാപ്രവർത്തനത്തിന് എത്തിയത്.

മിനിറ്റുകൾക്കുള്ളിൽ മെറ്റൽ മുറിക്കുന്ന ഉപകരണം ഉപയോഗിച്ച് നായയുടെ വായിലും കഴുത്തിലും നിന്ന് ചങ്ങല മുറിച്ച് മാറ്റി. ശൗര്യം കൂടിയ ഇനമാണെന്ന് സമീപവാസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കൂടിന് പുറത്ത് നിന്നുകൊണ്ടാണ് ഉദ്യോഗസ്ഥർ ചങ്ങല മുറിച്ച് മാറ്റിയത്. മണിക്കൂറുകളോളം ചങ്ങല ദേഹത്ത് ഉരഞ്ഞതിനാൽ നായയ്ക്ക് ചെറിയ പരുക്കുകളുണ്ട്.

Related Articles

Back to top button