കയര്‍ബോര്‍ഡിൽ തൊഴില്‍ പീഡനമെന്ന് പരാതി, സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് ജീവനക്കാരി ഗുരുതരാവസ്ഥയില്‍ 

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്ത് തൊഴില്‍ പീഡനമെന്ന് പരാതി. നിരന്തര തൊഴില്‍ സമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും കാരണം സ്ഥാപനത്തിലെ ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് ബാധിതയായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സ്ഥാപനത്തിലെ സെക്ഷന്‍ ഓഫിസറായിരുന്ന ജോളി മധുവിന്‍റെ കുടുംബമാണ് പരാതി ഉന്നയിച്ചത്. അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന ജോളി വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് ജോളി മധുവിന്‍റെ കുടുംബം പരാതി ഉന്നയിക്കുന്നത്. വിധവയും കാന്‍സര്‍ അതിജീവിതയുമെന്ന പരിഗണന പോലും നല്‍കാതെ ജോളിയെ ആറു മാസം മുമ്പ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റുകയായിരുന്നെന്ന് കുടുംബം പറയുന്നു. രോഗാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ പോലും പരിഗണിച്ചില്ല. ശമ്പളം പോലും തടഞ്ഞുവച്ചു. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു.

വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോളിയുടെ ചികില്‍സ തുടരുന്നത്. ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫിസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്‍റെ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായെന്നും കുടുംബം ആരോപിക്കുന്നു. ആരോപണത്തെ പറ്റി കയര്‍ബോര്‍ഡ് പ്രതികരിച്ചിട്ടില്ല.  

Related Articles

Back to top button